മഹാരാജാസ് കോളേജിൽ കെഎസ്യു പ്രവർത്തകന് നേരേ ആക്രമണം..എസ്എഫ്ഐ നേതാവിനെതിരെ കേസ്….
എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്യു പ്രവർത്തകന് നേരേ എസ്എഫ്ഐ ആക്രമണം. മൂന്നാം വർഷ ബികോം വിദ്യാർത്ഥിയും യൂണിയൻ പ്രതിനിധിയുമായ അഫാമിന് നേരെയാണ് ആക്രമണമുണ്ടായത് .സംഭവത്തിൽ എസ്എഫ്ഐ നേതാവ് നന്ദകുമാർ അടക്കം 8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
ഇന്നലെ രാത്രിയാണ് ഹോസ്റ്റലിന് സമീപത്ത് ചായ കുടിക്കാൻ പോയ കെഎസ്യു പ്രവർത്തകനെ ബൈക്കിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചത്. കത്തികൊണ്ട് മുഖത്ത് പരിക്കേൽപ്പിക്കുകയും ഹോളോബ്രിക്സ് ഉപയോഗിച്ച് ശരീരമാലകലം അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്യു പ്രതിനിധിയായി മത്സരിച്ച് വിജയിച്ചത് മുതൽ തന്നോട് എസ്എഫ്ഐ പ്രവർത്തകർക്ക് വൈരാഗ്യമുണ്ടായിരുന്നതായാണ് വിദ്യാർത്ഥി പറയുന്നത്. അഫാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 8 പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.