മസ്റ്ററിംഗ് നിർബന്ധം..ചെയ്‌തില്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ല…

എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് ഉറപ്പിക്കാനായി മസ്റ്ററിംഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. മസ്റ്ററിംഗ്ചെയ്തില്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഇത് വഴി സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയും കയ്യിൽ വേണം. ഒപ്പം ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത നമ്പറും. രണ്ട് മാസമായി ഇന്ധന കമ്പനികൾ മസ്റ്ററിംഗ് നടപടികൾ തുടങ്ങിയിട്ട്. എല്ലാ ഉപഭോക്താക്കളും എത്രയും വേഗം മസ്റ്ററിംഗ് നടത്തണം. ഉപഭോക്താവ് വിദേശത്തോ മരിച്ച് പോയതോ കിടപ്പ് രോഗിയോ എങ്കിൽ കണക്ഷൻ റേഷൻ കാർഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം.
ഇനി നേരിട്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താവുന്നതാണ്.

കമ്പനികളുടെ മൊബൈൽ ആപ്പ്, ആ‌ധാർ ഫേസ് റെക്കഗിനേഷൻ ആപ്പ് എന്നിവ ഡൗൺലോഡ് ചെയ്യണം. നടപടികൾ ഓകെ എങ്കിൽ മൊബൈലിലേക്ക് മെസേജ് എത്തും. ഇനിയും വൈകിക്കേണ്ട അവസാന തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതിന് ശേഷം മസ്റ്ററിംഗ് ഇല്ലെങ്കിൽ ബുക്കിംഗ് അനുവദിക്കില്ലെന്ന് വിതരണ കമ്പനികളിൽ നിന്ന് സൂചനയും പുറത്ത് വരുന്നുണ്ട്. നിലവിൽ ഉപഭോക്താക്കൾക്ക് നൽകി വരുന്ന പല ആനുകൂല്യങ്ങളും,സബ്സിഡികളും മസ്റ്ററിംഗിന് ശേഷം ഉണ്ടാകുമോ എന്ന ചർച്ചയും സജീവമായി ഉയരുകയാണ്.

Related Articles

Back to top button