മസ്കറ്റിൽ മരിച്ച നമ്പി രാജേഷിൻ്റെ വിധവയും മക്കളും മുഖ്യമന്ത്രിയെ കണ്ടു….

തിരുവനന്തപുരം: മസ്കറ്റിൽ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ വിധവ മുഖ്യമന്ത്രിക്ക് പരാതി നൽകി. എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയെന്ന് ആരോപിച്ചാണ് നമ്പി രാജേഷിൻ്റെ വിധവ അമൃത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. അമൃതയും 2 മക്കളും മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പരാതി നൽകിയത്.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടണമെന്നാണ് ആവശ്യം. അത്യാസന്ന നിലയിലായിരുന്ന നമ്പി രാജേഷിന് അരികിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ സമരം മൂലം അമൃതയ്ക്ക് എത്താനായിരുന്നില്ല. 2 തവണ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടും വിമാനം റദ്ദാക്കിയതിനാൽ അമൃതയ്ക്ക് പോകാൻ കഴിഞ്ഞില്ല. ഇതിനിടെ നമ്പി രാജേഷ് മരിക്കുകയും ചെയ്തു. പിന്നീട് മൃതദേഹം നാട്ടിലെത്തിച്ച ശേഷം ബന്ധുക്കൾ എയര്‍ ഇന്ത്യ സാറ്റ്സ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പറഞ്ഞ് മടക്കിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉദ്യോഗസ്ഥര്‍ പക്ഷെ പിന്നീട് കൈമലര്‍ത്തി. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ് മൂലമല്ല നമ്പി രാജേഷ് മരിച്ചതെന്ന വാദമുയര്‍ത്തിയാണ് വിമാനക്കമ്പനിയുടെ പ്രതിരോധം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടൽ തേടി കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചത്.

ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അമൃത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. താൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഭർത്താവ് മരിക്കില്ലായിരുന്നു. ഭര്‍ത്താവ് മാത്രമായിരുന്നു തന്റെയും മക്കളുടെയും ആശ്രയം. സംഭവിച്ചതെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. എയർ ഇന്ത്യയ്ക്ക് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും, ഗവർണർക്കും പരാതി നൽകുമെന്നും അമൃത പറഞ്ഞു.

Related Articles

Back to top button