മഴ : രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
കൊല്ലം: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വന്നിട്ടുണ്ട്. ആൻഡമാൻ തീരത്തിനു സമീപത്തു വച്ചു ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 23 ഓടെ ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. വേനൽ മഴ എത്തിയതോടെ സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ആശ്വാസം ലഭിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് കൂടുതൽ മഴ സാധ്യത. ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്, മാവേലിക്കര, കായംകുളം പ്രദേശങ്ങളിൽ ഇന്ന് സന്ധ്യയോടു കൂടി ശക്തമായ ഇടിയും മഴയും ഉണ്ടായി.
അടുത്ത ദിവസങ്ങളിലും ശരാശരി മഴ തുടരും. മഴ കിട്ടിതുടങ്ങിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ കൊടും ചൂട് രേഖപ്പെടുത്തിയ പുനലൂരിടക്കം ഉയർന്ന താപനില സാധാരണനിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില പാലക്കാടാണ്. 37. 2 ഡിഗ്രി സെൽഷ്യസ്.