മഴയിൽ മുങ്ങി തലസ്ഥാനം… വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി….
തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് പലയിടത്തും വെള്ളം കയറി. ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
തമ്പാനൂർ ജംക്‌ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി. രാവിലെയും മഴ തുടർന്നതോടെ അട്ടക്കുളങ്ങരയിലും മുക്കോലയ്ക്കലും വെള്ളകെട്ട് രൂപപ്പെട്ടു. അട്ടക്കുളങ്ങരയിൽ സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളിൽ വെള്ളം നിറഞ്ഞു. അട്ടക്കുളങ്ങരയിൽ നിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും അപകടകരമായ വെള്ളകെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുക്കോലയ്ക്കലിൽ വീടുകളിൽ വെള്ളം കയറി. അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ഉള്ളൂർ ശ്രീ ചിത്ര നഗറിലും വീടുകളിൽ വെള്ളം കയറി. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശംഖുമുഖത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മരം മുറിച്ച് മാറ്റി.