മലയിന്‍കീഴ് ശരത് കൊലക്കേസ്….ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും…
തിരുവനന്തപുരം: പ്രതികള്‍ ചാരായ വാറ്റും കച്ചവടവും നടത്തുന്നത് പറഞ്ഞു വിലക്കിയതിലുള്ള പകയില്‍ മലയിന്‍കീഴ് സ്വദേശി ശരത്തിനെ കുത്തി കൊലപ്പെടുത്തുകയും ഒന്നാം സാക്ഷി മഹേഷിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതി ഓട്ടോ മോഹന് ജീവപര്യന്തം കഠിന തടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലയിന്‍കീഴ് തച്ചോട്ടുകാവ് മച്ചീനാട് മലയിന്‍കീഴ് പഞ്ചായത്ത് വീട്ടു നമ്പര്‍ XV/569 ല്‍ റോഡരികത്തു വീട്ടില്‍ സുകുമാരന്‍ നാടാര്‍ മകന്‍ ഓട്ടോ മോഹന്‍ എന്ന മോഹനെയാണ് ശിക്ഷിച്ചത്.
തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രസൂണ്‍ മോഹന്റേതാണ് ശിക്ഷാവിധി. പിഴ തുകയില്‍ നിന്നും മരിച്ച ശരത്തിന്റെ മാതാപിതാക്കള്‍ ആയ ചന്ദ്രശേഖരന്‍ നായര്‍, ചന്ദ്രിക, സഹോദരി സരിത എന്നിവര്‍ക്ക് ഒന്‍പത് ലക്ഷവും കേസിലെ ഒന്നാം സാക്ഷിയും പ്രതികളുടെ കുറ്റകൃത്യത്തില്‍ വെച്ച് പരിക്കേറ്റ മഹേഷ് കുമാറിന് 20,000 രൂപ നല്‍കാനും വിധിന്യായത്തില്‍ പറയുന്നു.കേസിലെ രണ്ടാം പ്രതി തങ്കരാജന്‍ വിചാരണയ്ക്ക് ഇടയില്‍ മരണപ്പെട്ടു.