മലയാള സിനിമയുടെ ആക്ഷന്‍ ക്വീന്‍ വാണി വിശ്വനാഥിന് ഇന്ന് 53-ാം പിറന്നാള്‍…പോലീസ് വേഷത്തിൽ തിരികെ സിനിമയിലേക്ക്…
തൊണ്ണൂറുകളില്‍ തെന്നിന്ത്യൻ സിനിമകളിൽ തൻ്റേടിയായ സ്ത്രീകഥാപാത്രങ്ങളുടെ പ്രതിരൂപമായി നിറഞ്ഞു നിന്ന നടി വാണി വിശ്വനാഥിന് ഇന്ന് . 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ച വാണി വിശ്വനാഥ് സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ താരമാണ്.ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് വാണി വിശ്വനാഥ്. 1980 കളുടെ അവസാനത്തില്‍ മലയാളത്തില്‍ അരങ്ങേറിയ വാണി അധികം വൈകാതെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെയും സൂപ്പര്‍ താരമായി. 2000ത്തില്‍ പുറത്തിറങ്ങിയ ‘സൂസന്ന’യിലെ അഭിനയത്തിന് ലഭിച്ച രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം, വാണിജ്യമൂല്യമുള്ള താരമെന്നതിനൊപ്പം വാണി വിശ്വനാഥിന്‍റെ അഭിനയമികവിന്‍റെയും അടിക്കുറിപ്പായി.
മലയാളികള്‍ കൊണ്ടാടിയ ദ കിങ് എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീ വിരുദ്ധ ഡയലോഗിന്‍റെ മറുവശത്തുനിന്ന അനുരാധാ മുഖര്‍ജി എന്ന വാണി കഥാപാത്രത്തെ അധികമാരും മറക്കില്ല. നീ ഒരു പെണ്ണ് മാത്രമാണ് എന്ന ആ സംഭാഷണം താന്‍ എഴുതരുതായിരുന്നുവെന്ന രൺജി പണികരുടെ ഏറ്റുപറച്ചില്‍ മലയാളി സാംസ്കാരിക മുന്നേറ്റത്തിന്‍റെ അടയാളമാകുന്നതിനൊടൊപ്പം അനുരാധാ മുഖര്‍ജി എന്ന കഥാപാത്രമുണ്ടാക്കിയ സ്വാധീനത്തെയും അടിവരയിടുന്നു.
നടന്‍ ബാബുരാജുമായുള്ള വിവാഹം ശേഷം അല്‍പം മാറിനിന്നെങ്കിലും സിനിമയില്‍ വീണ്ടും സജീവമാകുന്നുള്ള തയ്യാറെടുപ്പിലാണ് തെന്നിന്ത്യയുടെ പ്രിയ ആക്ഷന്‍ താരം. വാണി വിശ്വനാഥ് ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകതയുണ്ട്. കിംഗിലും ഉസ്താദിലും കണ്ട അതേ ലുക്കിൽ തന്നെയാണ് വരവ്. വാണിയുടെ മാസ്റ്റർ പീസായ പൊലീസ് വേഷം തന്നെ രണ്ടാം വരവിലും അവതരിപ്പിക്കുന്നു. ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രമായ ‘ആസാദി’ ത്രില്ലർ ഗണത്തിൽപ്പെടുന്നു.