മലയാളിയടക്കം രണ്ടുപേർ.. ബാഗ് നോക്കിയപ്പോൾ കഞ്ചാവല്ല, ലഹരിയുമല്ല… മറ്റൊന്ന്….
ഇടുക്കി: റോഡിലെ വാഹന പരിശോധനക്കിടെ ബൈക്കിൽ എത്തിയ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോൾ ആനക്കൊമ്പുകൾ. വിൽക്കാൻ കൊണ്ടു പോയ ആനക്കൊമ്പുകളുമായി മലയാളിയടക്കം രണ്ടുപേര്‍ തമിഴ്നാട്ടിലെ കമ്പത്ത് പിടിയിൽ. ഗൂഡല്ലൂര്‍ സ്വദേശി സുരേഷ് കണ്ണന്‍, ഇടുക്കി കടശികടവ് സ്വദേശി മുകേഷ് കണ്ണന്‍ എന്നിവരാണ് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. പിടിയിലായ മുകേഷ് കണ്ണൻ ഇടുക്കിയിലെ ഐഎൻടിയുസി ജില്ല നേതാവിൻറെ മകനാണ്.
തേനി ഗൂഡല്ലൂര്‍ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണന്‍ , അണക്കര കടശികടവ് സ്വദേശി മുകേഷ് കണ്ണന്‍ എന്നിവരാണ് ആനക്കൊമ്പുകളുമായി കമ്പത്ത് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. തേനി ജില്ലയിൽ ആനക്കൊമ്പ് വ്യാപാരം നടക്കുന്നതായി ആഴ്ചകള്‍ക്ക് മുമ്പ് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കമ്പം വെസ്റ്റ് റെയ്ഞ്ച് വാര്‍ഡന്‍ സ്റ്റാലിനും വനംവകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച രാത്രി കമ്പം- കുമളി റോഡിൽ വാഹന പരിശോധന നടത്തി. ഈ സമയം കര്‍ണാടക രജിസ്ട്രേഷനിലുള്ള ബൈക്കിൽ സുരേഷും മുകേഷുമെത്തി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കൈവശമിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.