മലമുകളിൽ കുടുങ്ങി…മലകയറിയ രക്ഷാപ്രവർത്തകർ കണ്ടത്….
ചെറുതോണി: പാൽക്കുളം മേട്ടിലെ പാറക്കെട്ടിൽ ആരോ കുടുങ്ങിക്കിടക്കുന്നു. ചുരുളി ആൽപ്പാറ സ്വദേശിയായ യുവാവാണ് സന്ദേശമയച്ചത്. രാത്രിയിൽ മലമുകളിൽ നിന്നും ടോർച്ചിന്റെ വെളിച്ചം കണ്ടെന്നും ആരോ മലമുകളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം.പിന്നാലെ കഞ്ഞിക്കുഴി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാൽക്കുളം മേടിന്റെ താഴ്വാരത്തുള്ള ആൽപാറയിൽ എത്തി പരിശോധിച്ചപ്പോൾ മലയ്‌ക്കു മുകളിൽ കൊടിയോടു സാദൃശ്യമുള്ള എന്തോ ഒന്ന് കുടുങ്ങിയിട്ടുണ്ടെന്ന് മനസിലായി. ഇത് നഗരംപാറ റേഞ്ച് ഓഫിസിൽ അറിയിച്ചതിനെ തുടർന്ന് ഡപ്യൂട്ടി റേഞ്ചർ ജോജി എം.ജേക്കബിന്റെ നേതൃത്വത്തിൽ വനപാലകരും താൽക്കാലിക വാച്ചർമാരും അടങ്ങുന്ന സംഘം ആൽപാറയിൽ എത്തി. എന്നാൽ പരിസരവാസികളോട് വിവരം തിരക്കുക്കുകയും നിരീക്ഷണം നടത്തിയിട്ടും വ്യക്തത വന്നില്ല.
തുടർന്ന് മഴപെയ്ത് പായൽപിടിച്ച കുത്തനെയുള്ള മലകയറാൻ സംഘം തീരുമാനിക്കുകയായിരുന്നു. ഒന്നരമണിക്കൂർ എടുത്ത് മലകയറിയപ്പോൾ കണ്ടെത് കളിപ്പാട്ടമായ ടെഡി ബെയറിനെ ആയിരുന്നു. ഉത്സവ പറമ്പിൽനിന്നു വാങ്ങാൻ കിട്ടുന്ന ഹൈഡ്രജൻ നിറച്ച കരടിക്കുട്ടൻ ഏതോ കുട്ടിയുടെ കയ്യിൽനിന്നും ഉയർന്ന് പൊങ്ങി എത്തിയതായിരിക്കുമെന്നാണ് നിഗമനം. യുവാവിനെതിരെ കേസെടുക്കുമെന്ന് വനപാലകർ അറിയിച്ചു. പാഴാക്കിയത് പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും മൂന്നുമണിക്കൂർ.