മരിച്ച ലക്ഷ്മിപ്രിയ ആരാണ്? ഇരുട്ടിൽ തപ്പി പോലീസ്

കാമുകനൊപ്പം താമസിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത ലക്ഷ്മിപ്രിയ (42)യെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിക്കാത്തത് പോലീസിനെ കുഴപ്പിക്കുന്നു. നിഗൂഢതയുള്ള യുവതി യഥാർത്ഥത്തിൽ ആരെന്നോ സ്വദേശം എവിടെയാണെന്നോ ആർക്കും അറിയില്ല. അവരുടെ ബന്ധുക്കളെ കണ്ടെത്താനും രണ്ടാഴ്ചയായിട്ടും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാർച്ച് ഒമ്പതിന് രാത്രി ഏഴിനും എട്ടിനുമിടയിയിലാണ് പതിനാലാം മൈൽ ലൈഫ് ലൈൻ ഹോസ്പിറ്റലിനു സമീപം കളിയ്ക്ക് മംഗലത്തു വീട്ടിൽ കുഞ്ഞുകുഞ്ഞമ്മ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ അടുക്കളയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തുന്നത്. ബന്ധുക്കളെ കണ്ടെത്താനാകാത്തതിനാൽ മൃതദേഹം സംസ്കരിക്കാൻ പോലുമാകാതെ ഇപ്പോൾ പത്രപരസ്യം നൽകിയിരിക്കുകയാണ് പൊലീസ്.

ഏഴംകുളം തേപ്പുപാറ അജിവിലാസത്തിൽ അനിൽ ആനന്ദ(48)നൊപ്പമാണ് ലക്ഷ്മിപ്രിയയും ആറു വയസുള്ള മകളും കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒക്ടോബർ മുതൽ ഇവർ കുഞ്ഞുകുഞ്ഞമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ലക്ഷ്മിപ്രിയയും അനിലും ഭാര്യാ ഭർത്താക്കന്മാരാണെന്നാണ് വീട്ടുടമ കരുതിയിരുന്നത്. ലക്ഷ്മിപ്രിയ ജീവനൊടുക്കുകയും പൊലീസ് അനിലിനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് ഇവർ വിവാഹിതരല്ലെന്നും ഒപ്പമുള്ള കുട്ടി അയാളുടെ മകളല്ലെന്ന് വീട്ടുടമയ്ക്കും നാട്ടുകാർക്കും മനസിലാകുന്നത്. ഇൻഫർട്ടിലിറ്റി ചികിൽസാ കേന്ദ്രമായ ലൈഫ് ലൈൻ ആശുപത്രിയിൽ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ചികിൽസയിലാണെന്നും പോയി വരാനുള്ള ബുദ്ധിമുട്ടു കൊണ്ട് വാടകവീട് എടുക്കുന്നുവെന്നുമാണ് ഉടമയായ വയോധികയോട് അനിലും യുവതിയും പറഞ്ഞിരുന്നത്. അനിൽ ഗൾഫിൽ നിന്ന് മടങ്ങി വന്നയാളാണ്. ഒരു മകനുണ്ട്. എൻജിനീയറിങ് വിദ്യാർത്ഥിയാണ്. വീട്ടുകാരുമായി വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല.

ലക്ഷ്മിപ്രിയ വാടകയ്ക്ക് താമസിച്ചിരുന്ന എറണാകുളം ഒലിമുകളിൽ സുരേന്ദ്രൻ എന്നയാളുടെ വീട്ടിൽ നിന്നും കുട്ടിയോടൊപ്പം കൂട്ടിക്കൊണ്ടു വരികയായിരുന്നെന്നും അനിൽ പറയുന്നു. ലക്ഷ്മിപ്രിയ അനാഥയാണെന്നാണ് അനിലിനോട് പറഞ്ഞിരുന്നത്. ബംഗളൂരുവിലുള്ള ഒരു ചിറ്റപ്പനാണ് വളർത്തിയിരുന്നതെന്നും അദ്ദേഹത്തിന്റെ മരണശേഷം 10 വർഷം മുമ്പ് കേരളത്തിലേക്ക് വരികയായിരുന്നുവെന്നും ആലുവയിൽ ജോലി ചെയ്യുന്ന സമയത്ത് ഒരാളിൽ നിന്നും ഗർഭം ധരിച്ചുവെന്നും മാത്രമേ തന്നോട് പറഞ്ഞിട്ടുള്ളു എന്ന് അനിൽ പറയുന്നു. ലക്ഷ്മിപ്രിയ വൈഫ് ഓഫ് രാമസുബ്ബയ്യ, നമ്പർ 340, നയൻത് ക്രോസ്, ശാസ്ത്രി നഗർ, ബാംഗ്ളൂർ സൗത്ത്, ത്യാഗരാജ് നഗർ കർണാടക 560028 എന്നാണ് ലക്ഷ്മി പ്രിയയുടെ പൊലീസ് കണ്ടെത്തിയ ആധാർ രേഖകളിലുള്ളത്. ഈ വിലാസത്തിലുള്ള രാമസുബ്ബയ്യയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ബംഗളൂരുവിലെ ഒരു ടെക്സ്റ്റയിൽ കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്താണ് ഇയാളുമായി ലക്ഷ്മിപ്രിയ അടുപ്പത്തിയത്. ഈ ബന്ധത്തിലുള്ളതാണ് കുട്ടിയെന്ന് പറയുന്നു. പിന്നീട് ഇയാളെ ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയെന്നാണ് വിവരം. രാമസുബ്ബയ്യ വേറെ വിവാഹം കഴിച്ച് മക്കളുമായി കഴിയുകയാണ്. അതിനാൽ തന്നെ, അയാൾ ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായിട്ടില്ല.

ഒരു പാട് ദുരൂഹതകൾ ലക്ഷ്മിപ്രിയയെയും അനിലിനെയും ചുറ്റിപ്പറ്റിയുണ്ട്. യുവതിയെ, അനിൽ നന്നായി ഉപദ്രവിച്ചിരുന്നുവെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയെന്ന് സൂചനയുണ്ട്. കഴുത്തെല്ലിന് പൊട്ടലുമുണ്ട്. പക്ഷേ ശാരീരികമായി ഉപദ്രവിച്ച ലക്ഷണമില്ല. അനിലിന്റെ പീഡനം കാരണം യുവതി ജീവനൊടുക്കിയെന്ന സംശയമാണ് പൊലീസിനുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button