‘മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ’..അർജുൻ മലയാളികളുടെ മനസിൽ ജീവിക്കും….
ഷിരൂരിൽ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ മലയാളികളുടെ മനസിൽ ജീവിക്കുമെന്ന് മഞ്ജു വാര്യർ. മരിച്ചുവെന്നത് വേദനിപ്പിക്കുന്നതാണെങ്കിലും അർജുന്റെ മൃതദേഹം തിരികെ കിട്ടിയല്ലോ എന്നും അവർ പറഞ്ഞു. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കുമെന്നും മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
കാണാതായി 71 ദിവസത്തിന് ശേഷമാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. ഡ്രഡ്ജർ ഉപയോഗിച്ച് പുറത്തെടുത്ത ട്രക്കിനുള്ളിൽ അർജുന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ലോറിയുടെ ക്യാബിനുള്ളിലായിരുന്ന മൃതദേഹം പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. മൃതദേഹം അർജുന്റേതു തന്നെയാണെന്നാണ് മനാഫും ജിതിനും പറയുന്നത്. ഇനി കൂടുതൽ പരിശോധനകൾക്ക് ശേഷമായിരിക്കും ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുക.