മരണാനന്തര ചടങ്ങിനുള്ള ഒരുക്കങ്ങൾ തുടങ്ങി.. ‘മരിച്ചയാൾ’ ബാറിലിരുന്ന് മദ്യപിക്കുന്നു….
കോട്ടയം: സംസ്കാരത്തിന് പന്തലിടുന്നതിനുള്ള ഒരുക്കം വീട്ടിൽ നടത്തുന്നതിനിടെ ബന്ധുക്കളെ ഞെട്ടിച്ചുകൊണ്ട് ‘മരിച്ചയാൾ’ ബാറിലിരുന്ന് മദ്യപിക്കുന്നു. കോട്ടയത്താണ് സംഭവം. മരിച്ചെന്ന് വിചാരിച്ച് ബന്ധുക്കൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് മരിച്ചയാൾ ബാറിലിരുന്നു മദ്യപിക്കുന്നത് കണ്ടെന്ന് പറഞ്ഞ് ചിലരെത്തുന്നത്. ഇതോടെ ബന്ധുക്കൾ ബാറിൽ എത്തി. അവിടെ നിന്ന് ‘മരിച്ചയാ’ളെയും കൂട്ടി പൊലീസിനു മുന്നിലേക്ക്. ഒടുവിൽ താൻ മരിച്ചിട്ടില്ലെന്ന് പൊലീസിനു മുന്നിൽ ബോധ്യപ്പെടുത്തി ‘മരണ’ വീട്ടിലേക്ക് തിരിച്ചുവന്നു.എന്നിട്ടും തീർന്നില്ല, അപ്പോൾ മരിച്ചത് ശരിക്കും ആരാണ് എന്ന ചോദ്യമായി പൊലീസിന്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടതോടെയാണു നാടകീയ സംഭവങ്ങൾക്കു തുടക്കം. പഴയ ഒ.പി വിഭാഗത്തിനു സമീപം വരാന്തയിലാണു ഇന്നലെ മൃതദേഹം കണ്ടത്. ആശുപത്രി പരിസരത്ത് വർഷങ്ങളായി കഴിഞ്ഞിരുന്നയാളാണെന്നു ജീവനക്കാർ പൊലീസിനെ ധരിപ്പിച്ചു. പൊലീസ് അന്വേഷണം നടത്തി.