മരണത്തിന് കാരണക്കാരി ഹോം നേഴ്‌സ് എന്ന് സംശയം..വയോധികയുടെ മൃതദേഹം ഖബർസ്ഥാൻ തുറന്ന് പോസ്റ്റ്‍മോര്‍ട്ടം നടത്തി…

വർക്കലയിൽ വയോധികയുടെ മൃതദേഹം ഖബർസ്ഥാൻ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തി. മരണത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചതിനേ തുടർന്നാണ് മൃതദേഹം പുറത്തെടുത്തത് .വർക്കല ഇടവ പരേതനായ മുഹമ്മദ് ബഷീറിന്റെ ഭാര്യ ഹലീമാ ബീവിയുടെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്‍മോര്‍ട്ടം നടത്തിയത്. ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് ഹലീമാബീവി മരണപ്പെട്ടത്.ഹലീമയുടെ മരണത്തിൽ പരിചരിച്ചിരുന്ന ഹോംനഴ്സിനെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നല്‍കിയിരുന്നു.

അഞ്ച് വർഷമായി കൃത്രിമ ഓക്സിജന്റെ സഹായത്തോടെയാണ് ഹലീമാബീവി കഴിഞ്ഞുവന്നത്. വാർദ്ധക്യസഹജമായ അവശതകൾ കൂടിയായപ്പോഴാണ് മക്കൾ ഏജൻസി വഴി ഹോംനഴ്സിനെ നിയമിച്ചത്. മരണം കഴിഞ്ഞ് ആറാം നാളാണ് ഹലീമാ ബീവിയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച നിലയിൽ കണ്ടെത്തിയത്. ഹോം നേഴ്സാണ് മോഷണം നടത്തിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തിന് പിന്നിലും ഇവർക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.പരാതിയെ തുടർന്ന് സംശയസ്പദമായ മരണത്തിന് പൊലീസ് കേസെടുത്തു. തുടർന്നാണ് മൃതദേഹം പുറത്തെടുത്തത്. പുറത്തെടുത്ത മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പോസ്റ്റ്‍മോര്‍ട്ടം നടത്തിയത്തിന് ശേഷം വൈകുന്നേരത്തോടെ വീണ്ടും ഖബറടക്കി

Related Articles

Back to top button