മന്ത്രി പരിഷ്‌കരിച്ച ലൈസൻസ് ടെസ്റ്റ് ഇന്ന് ഒരിടത്തും നടന്നില്ല…
കൊച്ചി: ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിൻ്റെ ലൈസൻസ് പരിഷ്‌കരണ ടെസ്റ്റ് കേരളത്തിൽ ഒരിടത്തും ഇന്ന് നടന്നില്ല. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടേയും തൊഴിലാളി സംഘടനകളുടേയും എതിർപ്പിൽ എല്ലാം താളം തറ്റി. സിഐടിയുവും ഐഎൻടിസിയുവും ബിഎംഎസും ആഹ്വാനം ചെയ്ത പ്രതിഷേധം എല്ലാ അർത്ഥത്തിലും വിജയമായി. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ട് പൂട്ടിക്കിടന്നു. ഈ ഗ്രൗണ്ട് വാടകയ്‌ക്കെടുത്തത് ഡ്രൈവിങ് സ്‌കൂളുകളായിരുന്നു. ഇവിടെയായിരുന്നു ഇതവരെ ലൈസൻസ് പരീക്ഷയെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തു വന്നു. ഇത് മോട്ടാർ വാഹന വകുപ്പിനും നാണക്കേടായി.
അതിനിടെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ പ്രതികരിച്ചു. ലൈസൻസ് നിസ്സാരമായി നൽകാൻ ബുദ്ധിമുട്ടുണ്ടെന്നും റോഡ് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പരിഷ്‌കാരങ്ങളെന്നും അദ്ദേഹംപറഞ്ഞു. മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിഷേധം തുടർന്നാൽ ലൈസൻസ് നൽകൽ പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുമെന്നാണ് സിഐടിയു പ്രതീക്ഷ. മന്ത്രിയുടെ ഉറച്ച നിലപാടിൽ സിപിഎം അനുകൂല സംഘടന വലിയ പ്രതിഷേധത്തിലാണ്.
ജനങ്ങൾക്ക് വേണ്ടിയാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്. അത് മനസ്സിലാക്കണമെന്നും ഗണേശ് കുമാർ വ്യക്തമാക്കി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം കൂടിയതും ലൈസൻസ് അനുവദിച്ചതും അത്ഭുതപ്പെടുത്തി. ടെസ്റ്റിന് സർക്കാർ സംവിധാനം ഉണ്ടാക്കും. മലപ്പുറം ആർ ടി ഓഫീസിൽ വലിയ വെട്ടിപ്പിന് ശ്രമം നടന്നു. അത് സർക്കാർ അനുവദിക്കില്ല. ക്രമക്കേട് കാണിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.