മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്ന വ്യാജേന പണം തട്ടുന്ന തമിഴ് നാട് സ്വദേശികൾ അറസ്റ്റിൽ…
മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ തമിഴ്‌നാട് സ്വദേശികള്‍ പിടിയിലായി. തിരുവള്ളൂര്‍ സ്വദേശി വാസുദേവന്‍ (28), തിരുച്ചിറപ്പള്ളി സ്വദേശി ദീനു (27), തഞ്ചാവൂര്‍ സ്വദേശികളായ ഗോപി (24), വിജയ് (23) എന്നിവരാണ് മൂന്നാര്‍ പൊലീസിന്റെ പിടിയിലായത്. മൂന്ന് കുടുംബങ്ങളില്‍നിന്നായി 25,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.ചെണ്ടുവരെ എസ്റ്റേറ്റില്‍ എത്തിയ സംഘം തൊഴിലാളി ലയങ്ങളിലെത്തി കുടുംബപ്രശ്‌നങ്ങളുണ്ടാകാനും കുടുംബാംഗങ്ങളുടെ മരണം സംഭവിക്കാനും സാധ്യതയുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഏലസും തകിടും വീട്ടുകാര്‍ക്ക് നല്‍കി. സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
പിന്നീട് പൊലീസെത്തി ഇവരെ അറസ്റ്റുചെയ്തു. പണം ഇവരില്‍നിന്ന് പിടിച്ചെടുത്ത് കുടുംബങ്ങള്‍ക്ക് തിരികെ നല്‍കി. ഒരു ദിവസത്തെ തടങ്കലിനുശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടു. വട്ടവട മേഖലയിലും ഇത്തരത്തിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.