മദ്യവരുമാനം കുറയുന്നു.. ഒന്നാം തിയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കും….
സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാനുള്ള നീക്കവുമായി സർക്കാർ. തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.ഡ്രൈഡേ പിന്‍വലിക്കുന്നതിനോടൊപ്പം മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.മദ്യത്തില്‍ നിന്നുള്ള വരുമാനം കുറയുന്നതും ടൂറിസം മേഖലയിലുണ്ടാകുന്ന തിരിച്ചടിയുമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനമെടുക്കുന്നതിനായി പ്രേരിപ്പിച്ചത്.
ടൂറിസം മേഖലയില്‍ വലിയ തിരിച്ചടിയുണ്ടായെന്ന ന്യായമാണ് ഡ്രൈ ഡേ ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്. വര്‍ഷത്തിലെ 12 ദിവസം മദ്യം വില്ക്കാതിരുന്നാല് സര്‍ക്കാരിന് നഷ്ടമാകുന്ന ലക്ഷങ്ങളുടെ കണക്കുമുണ്ട് അതിന് പിന്നില്‍. മാര്‍ച്ചില്‍ തന്നെ ചീഫ് സെക്രട്ടറി അധ്യക്ഷനായ വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ഡ്രൈ ഡേ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം ചര്‍ച്ച ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.ചര്‍ച്ചയ്ക്ക് ശേഷമാകും എക്സൈസ് വകുപ്പിന് തീരുമാനം സംബന്ധിച്ച് നിര്‍ദേശമുണ്ടാകുക.