മദ്യപിച്ച് ലക്കുകെട്ട് സ്റ്റേഷനിലെത്തി ബഹളവും അസഭ്യ വർഷവും… പൊലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റിയംഗത്തിന് ഒടുവിൽ സസ്പെൻഷൻ; മൂടിവച്ച സംഭവം പുറത്തു വിട്ടത് മാധ്യമങ്ങൾ
തിരുവല്ല: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷനിലും വൈദ്യ പരിശോധനയ്ക്ക് കൊണ്ടു ചെന്നപ്പോൾ താലൂക്കാശുപത്രിയിലും ബഹളവും അസഭ്യ വർഷവും നടത്തിയ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് ഒടുവിൽ സസ്പെൻഷൻ. മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടതോടെ ഗത്യന്തരമില്ലാതെ നടപടി എടുക്കുകയായിരുന്നു.
തിരുവല്ല സ്റ്റേഷനിൽ ജി.ഡി ചുമതലയുള്ള രാജ് കുമാറിനെയാണ് ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരേ എസ്.എച്ച്.ഓ കേസ് എടുത്തതിന് പിന്നാലെയാണ് സസ്പെൻഷൻ. കഴിഞ്ഞ 14 ന് രാത്രിയിലാണ് സംഭവം. ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും അസ്വാഭാവികമായ രീതിയിൽ പെരുമാറുകയും ബഹളം വെക്കുകയും ചെയ്യുകയായിരുന്നു.
സംഭവം ഉന്നത തലത്തിലേക്ക് പരാതിപ്പെടേണ്ട എന്ന് മറ്റു പൊലീസുകാർ കരുതിയെങ്കിലും പിന്നീട് സ്ഥിതി രൂക്ഷമായതോടെ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. മദ്യപിച്ചുവെന്ന് തെളിയിക്കാനുള്ള വൈദ്യപരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴും രാജ്കുമാർ ബഹളം തുടർന്നു.
ഇയാൾക്കെതിരെ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗമായതിനാൽ വിവരം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ എസ്.പി നടപടിയെടുക്കാൻ നിർബന്ധിതനാവുകയായിരുന്നു.