മത്സ്യത്തൊഴിലാളിയെ കൊന്ന കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്…….

പാറശ്ശാല: വിഴിഞ്ഞം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതിയാണ് വിഴിഞ്ഞം കോട്ടപ്പുറം പുതിയപള്ളി ക്കു സമീപം ക്രിസ്റ്റടിമ (55)യെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിഴിഞ്ഞം പള്ളിത്തുറ പുരയിടത്തിൽ റോബിൻസൺ(48), തമിഴ്‌നാട്, രാമനാഥപുരം, അളകൻകുളം സ്വദേശി എം.ആർ.രാധയെന്ന സീനി മുഹമ്മദ്(55) എന്നിവരെ ശിക്ഷിച്ചത്. അഡീഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീ ർ ആണ് ശിക്ഷ വിധിച്ചത്.

2017 ഓഗസ്റ്റ് ഏഴിന് രാത്രി പത്തുമണിയോടെയാണ് സംഭവം. പുലർച്ചെ മത്സ്യബന്ധനത്തിനു പോകാനായി വിഴിഞ്ഞത്തെ കോർപ്പറേഷന്റെ മത്സ്യത്തൊഴിലാളികൾക്ക് വിശ്രമിക്കാനായി നിർമിച്ച കെട്ടിടത്തിന്റെ രണ്ടാംനിലയിൽ എത്തിയ ക്രിസ്റ്റടിമയെ പ്രതികൾചേർന്ന് ഒന്നാം നിലയിലേക്ക്‌ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതികൾ വിശ്രമിക്കുന്ന സ്ഥലത്ത് ക്രിസ്റ്റടിമ കിടന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് ഇരുവരും ചേർന്ന് മർദിച്ചശേഷം രണ്ടാം നിലയിൽ നിന്നും ഒന്നാം നിലയിലേക്കുള്ള പടിക്കെട്ടിൽ തള്ളിയിട്ടത്.

കൊലപാതകം നേരിൽക്കണ്ട സാക്ഷി മൈക്കിളിന്റെയും പോസ്റ്റുമോർട്ടം ചെയ്ത ഡോ. ഷാരിജയുടെയും മൊഴികളാണ് കേസിൽ നിർണായകമായത്. പ്രതികൾ ഇരുപതിനായിരം രൂപ വീതം പിഴയടയ്ക്കാനും കോടതി വിധിച്ചു. പിഴത്തുക ക്രിസ്റ്റടിമയുടെ ഭാര്യ ഷേർളിക്ക്‌ നൽകാനും കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷൻ 23 സാക്ഷികളെ വിസ്തരിച്ചു. 28 രേഖകളും കേസിൽപ്പെട്ട 12 വസ്തുക്കളും കോടതിയിൽ ഹാജരാക്കി. വിഴിഞ്ഞം പോലീസ് ഇൻസ്‌പെക്ടറായിരുന്ന എൻ.ഷിബു, എസ്.ഐ. എസ്.പ്രസാദ് എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പാറശ്ശാല എ.അജികുമാർ കോടതിയിൽ ഹാജരായി. ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി റോബിൻസൺ എട്ട് കേസുകളിലെ പ്രതിയാണ്. വിവിധ കേസുകളിൽപ്പെട്ട് റോബിൻസണെ നേരത്തേ കോടതി ശിക്ഷിച്ചിട്ടുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിൽ റോബിൻസണുണ്ട്.

വിചാരണസമയത്ത് ഒളിവിൽപ്പോയ രണ്ടാം പ്രതി സീനി മുഹമ്മദ് പിന്നീട് കോടതിയിൽ ഹാജരായിരുന്നില്ല. വിചാരണ ഘട്ടത്തിൽ രണ്ടാം പ്രതി മരിച്ചുപോയെന്ന് കോടതിയെ ധരിപ്പിച്ചു. തുടർന്ന് കോടതി വിഴിഞ്ഞം പോലീസിനോടു സീനി മുഹമ്മദിന്റെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വിഴിഞ്ഞം പോലീസ് തമിഴ്‌നാട്ടിലെ രാമനാഥപുരത്തെത്തുമ്പോൾ സീനി മുഹമ്മദ് മരിച്ചില്ലെന്ന് കണ്ടെത്തുകയും അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button