മത്സരിച്ചു…വിജയിച്ചു… അഭിമാനമുണ്ട്, അതിലേറെ സന്തോഷവുമുണ്ട്… ആ വിദ്യാര്‍ത്ഥി ഞാനായിരുന്നു…. എം.എസ് അരുൺകുമാർ എം.എൽ.എയുടെ നിയമസഭയിലെ വാക്കുകൾ വൈറലാകുന്നു…..
ആ കാലഘട്ടത്തില്‍ ഒരു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കഥ ഞാനിവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അന്നത്തെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് അഞ്ചാം ക്ലാസിലേക്ക് പഠിക്കാന്‍ കഴിയാത്ത ഒരു സാഹചര്യമുണ്ടായി. അച്ഛനോട് നാലാം ക്ലാസ് പൂര്‍ത്തിയായ മകന്‍ പറഞ്ഞു..അച്ഛാ എനിക്ക് അഞ്ചാം ക്ലാസില്‍ പഠിക്കാന്‍ പോകണം. അച്ഛന് അന്ന് പറഞ്ഞത് മകനെ എനിക്കതിനുള്ള കഴിവ് ഇല്ല. നീ പഠിത്തം അവസാനിപ്പിക്കണം.. മകളെ തൊട്ടുതാഴെയുള്ള അനുജത്തിയെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം നമുക്ക് ഉണ്ടാവണം. അങ്ങനെ ഒരു കാര്യം ഈ അച്ഛന്‍ മകനോട് പറയുകയാണ്.ആ സമയത്താണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഗവണ്‍മെന്റ് ഒരു സുപ്രധാനമായ തീരുമാനം അന്നത്തെക്കാലത്ത് കൊണ്ടുവന്നത്. അന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഇടതുപക്ഷ മുന്നണിയാണ് ഭരിക്കുന്നത്. അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നത് ഇന്നത്തെ ജനാധിപത്യ മഹിളാ അസ്സോസിയേഷന്റെ സംസ്ഥാന സെക്രട്ടറി അഡ്വ.സി.എസ് സുജാതയാണ്. അവര്‍ ഒരു പദ്ധതി തയ്യാറാക്കുന്നു… ആ പദ്ധതി പട്ടികജാതി വിഭാഗത്തില്‍ പെട്ട നിരവധിയായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനൊരു തീരുമാനമെടുക്കുന്നു. പട്ടികജാതി വികസന വകുപ്പുമായി ആലോചിച്ച്. അന്ന് പത്ത് വിദ്യാര്‍ത്ഥികളെ ദത്തെടുക്കുന്നു… ആ പത്ത് വിദ്യാര്‍ത്ഥികളെ ദത്തെടുക്കുമ്പോള്‍ അതിലൊരു വിദ്യാര്‍ത്ഥിയായി ഈ പറഞ്ഞ മകനും ഉണ്ടായിരുന്നു. നിരവധിയായ വര്‍ഷങ്ങള്‍ അതിന് ശേഷം ഏറ്റവും കാര്യക്ഷമമായ ഇടപെടലില്‍ നിരവധിയായ വര്‍ഷങ്ങള്‍ കടന്നുപോയി.. കാലമിങ്ങനെ കടന്ന് പോകുമ്പോള്‍ ഏതാണ്ട് 2021 ലെത്തി. ആ വിദ്യാര്‍ത്ഥിയെ ഇടതുപക്ഷ രാഷ്ട്രീയം മാവേലിക്കരയില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു.. മത്സരിച്ചു…വിജയിച്ചു…ഇന്ന് ഈ സമയത്ത് അങ്ങയുടെ മുന്നില്‍ നിന്ന് ഈ സഭയില്‍ സംസാരിക്കുമ്പോള്‍ ഏറ്റവുമധികം അഭിമാനമുണ്ട് അതിലേറെ സന്തോഷവുമുണ്ട്… ആ വിദ്യാര്‍ത്ഥി ഞാനായിരുന്നു എന്നതില്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഗവണ്‍മെന്റ് എങ്ങിനെയാണ് പട്ടികജാതി വിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചത് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ നില്‍ക്കുന്ന ഞാന്‍. തീര്‍ച്ചയായും അങ്ങയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗഭാക്കാകുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇതേ അവസരം ഉണ്ടായിട്ടുണ്ട്. ഒരുപക്ഷെ ഇന്ന് അത് കാണാന്‍ ഈ നിലയിലേക്ക് സന്തോഷകരമായ നിമിഷം പങ്കിടുന്നത് കാണാന്‍ എന്റെ അച്ഛന്‍ ജീവിച്ചിരിപ്പില്ല എന്ന യാഥാര്‍ത്ഥ്യം കൂടി ഈ അവസരത്തില്‍ വിഷമത്തോടെ ഓര്‍ക്കുന്നു. തീര്‍ച്ചയായും നിരവധിയായ പ്രശ്‌നങ്ങള്‍ക്കകത്ത് ചേര്‍ത്തുപിടിക്കാന്‍ ഒരു ഗവണ്‍മെന്റുണ്ട്. ഇപ്പോഴും ഗവണ്‍മെന്റുണ്ട്.കഴിഞ്ഞ ദിവസമാണ് വൈക്കം അംഗം ഒരു കാര്യം സൂചിപ്പിക്കുന്നത്. അത് ഏവിയേഷന് പഠിക്കാന്‍ പൈലറ്റാകാന്‍ മോഹിക്കുന്ന ഒരു സുജിത് എന്ന് പറയുന്ന പയ്യന്റെ കാര്യമാണ്. പഠിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ അനുവാദം ആദ്യം ഉണ്ടായിരുന്നു. പിന്നീട് ആ അനുവാദം ഇല്ലാതാക്കുന്ന സാഹചര്യമുണ്ടായി. അവിടെയാണ് മുഖ്യമന്ത്രിയെ കാണാന്‍ വൈക്കം എം.എല്‍.എ ചെല്ലുന്നത്. ആ നിമിഷം തന്നെ മുഖ്യമന്ത്രി അതിനകത്ത് ഇടപെട്ടു. ആദരണീയനായ സഖാവ് പിണറായി വിജയന്‍ അത് കേട്ട നിമിഷത്തില്‍ അദ്ദേഹത്തിന് പഠിക്കാനായി 30 ലക്ഷം രൂപ അനുവദിക്കുന്ന സ്ഥിതിയുണ്ടായി. ഇതാണ് കേരളത്തിനകത്ത് പ്രതിപക്ഷം കാണേണ്ടത്. ഈ നാട്ടില്‍ ജനങ്ങളെ ചേര്‍ത്ത് പിടിക്കാന്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള മനസും ഇത്രയേറെ പരിശ്രമിച്ച മറ്റൊരു ഗവണ്‍മെന്റുമില്ല എന്ന് ഈ അവസരത്തില്‍ പറയാന്‍ കഴിയും ഇല്ലെങ്കില്‍ അച്ചന്‍കോവിലാറ്റില്‍ മീന്‍ പിടിച്ചോ മരിച്ചവരെ കുഴിവെട്ടി മൂടിയോ കഴിഞ്ഞുകൂടേണ്ടിയിരുന്ന മകനാകുമായിരുന്നു ഞാന്‍.