മണ്ണന്തല രഞ്ജിത്ത് കൊലക്കേസ്….പ്രതികളെ സ്റ്റേഷനിൽ നിന്നും കൊണ്ടുപോയത് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി…..
ആർ.എസ്.എസ് പ്രവർത്തകനായിരുന്നു തിരുവനന്തപുരം മണ്ണന്തല സ്വദേശി രഞ്ജിത്തിനെ കടമുറിക്കുള്ളിൽവച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രകന്മാർ ആയിരുന്ന ഹരിപ്രസാദ്, അജി, രഞ്ജിത്ത് എന്നിവരെ പോലീസ് സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടു പോയതും പിന്നീട് തിരികെ ഹാജരാക്കിയതും അന്നത്തെ സിപിഎം വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു എന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോടതി മുമ്പാകെ മൊഴി നൽകി. തിരുവനന്തപുരം അഡിഷണൽ സെഷൻസ് ജഡ്ജ് ആജ് സുദർശൻ മുമ്പാകെയാണ് കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നു കെ.ഇ.ബൈജു മൊഴി നൽകിയത്.
2008 ഒക്ടോബർ 16ന് വെളുപ്പിനാണ് മണ്ണന്തലയിലുള്ള പച്ചക്കറിക്കടക്കുള്ളിൽ വെച്ച് രഞ്ജിത്തിനെ രണ്ട് കാറുകളിലും ബൈക്കിലുമായി എത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഈ ആക്രമണത്തിന് സൂത്രധാരകത്വം വഹിച്ചിരുന്നത് ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ പോയിരുന്ന പ്രതികളെ കോഴിക്കോട് നിന്നും പിടികൂടിയ ശേഷമാണ് സി.പി.എം വഞ്ചിയൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി കൂട്ടിക്കൊണ്ടുപോയത്. എന്നാൽ തുടർന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ തിരികെ സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റും വ്യക്തമാക്കുന്ന രേഖകളാണ് പോലിസ് കോടതിയിൽ ഹാജരാക്കിയത്.
കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം നാളെയും തുടരും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.