മകൾക്ക് നീതി വേണം… ഉറക്കവും അവധിയുമില്ലാത്ത ജോലി.. കമ്പനിക്കെതിരെ പരാതിയുമായി കുടുംബം…
അമിത ജോലിഭാരത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി ഹോസ്റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു. അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ് ഇപ്പോൾ. അന്ന മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ EY യിൽ ചാർട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്. എന്നാൽ, ഇവിടെ നിന്നും മനുഷ്യത്വ രഹിതമായ തൊഴിൽ പീഡനം നേരിട്ടതാണ് മകളുടെ മരണ കാരണമെന്ന് ആരോപിക്കുന്ന അന്നയുടെ അമ്മ അനിത അഗസ്റ്റിൻ EY കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ-മെയിലിലെ വിവരങ്ങളാണ് പ്രശ്നത്തിന്റെ ഗൗരവം ലോകത്തെ അറിയിച്ചത്.