മകൻ ആത്മഹത്യ ചെയ്യില്ല…അനുജയെ അറിയില്ല….
പത്തനംതിട്ട: മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ മരിച്ച ഹാഷിമിന്റെ അച്ഛൻ ഹക്കിം വെളിപ്പെടുത്തി. മകന് നല്ല മനക്കരുത്താണെന്നും നാട്ടിലെ പൊതുകാര്യങ്ങളിൽ ഇടപെടുന്ന ആളാണെന്നും ഹക്കിം വ്യക്തമാക്കി. ഇന്നലെ വൈകിട്ട് ഒരു ഫോൺ വന്ന ശേഷമാണ് യാത്രപറഞ്ഞ് ഇറങ്ങിയത്. ഉടൻ മടങ്ങിവരാമെന്നും പറഞ്ഞാണ് പോയത്. പിന്നീട് അപകടം നടന്നു എന്ന വാർത്തയാണ് അറിയുന്നത്. അനുജയെ തങ്ങൾക്ക് അറിയില്ലെന്നും പരിചയമില്ലെന്നും ഹക്കിം പറഞ്ഞു.
ഇന്നലെ രാത്രിയാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവർ മരിച്ചത്. അപകടത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹാഷിമിന്റെ അച്ഛന്റെ പ്രതികരണം. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.