മകള്‍ ഭർത്താവിനൊപ്പം പോയി.. വീടിന് തീയിട്ട ശേഷം പിതാവ് ജീവനൊടുക്കി…

കൊല്ലം: കടയ്ക്കലിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് കുറ്റിക്കാട് സ്വദേശി അശോകൻ വീടിന് തീയിട്ട ശേഷം മുറിയിൽ തൂങ്ങിമരിച്ചത്. പുക ഉയരുന്നത് കണ്ട അയൽവാസികൾ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. അശോകന്‍റെ ഏക മകൾ അഞ്ച് വർഷം മുൻപ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രണയിച്ച് വിവാഹം ചെയ്ത് വീട് വിട്ട് പോയിരുന്നു. എന്നാൽ ഭര്‍ത്താവുമായി പിണങ്ങിയ മകൾ കഴിഞ്ഞ വർഷം തിരികേയെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവ് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇരുവരെയും കടയ്ക്കൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി. ഒടുവിൽ പ്രശ്നം പറഞ്ഞ് അവസാനിപ്പിച്ച് മകൾ ഭർത്താവിനൊപ്പം മടങ്ങി. ഇതിൽ മനംനൊന്ത് അശോകൻ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. ഭാര്യയുടെ പിന്തുണയോടെയാണ് മകൾ ഭര്‍ത്താവിനൊപ്പം പോയതെന്നും പറഞ്ഞ് അശോകൻ ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് തീ കൊളുത്തി അശോകൻ തൂങ്ങി മരിച്ചത്. തീപിടിത്തത്തിലും വീട്ടിലെ കട്ടിലും സോഫാ സെറ്റിയും ഉൾപ്പെടെ കത്തി നശിച്ചു.

Related Articles

Back to top button