മകളുടെ മരണം കൊവിഷീല്‍ഡ് മൂലം…സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിയമപോരാട്ടം തുടങ്ങി മാതാപിതാക്കള്‍..
കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനി തന്നെ കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെ മകളുടെ മരണത്തില്‍ നിയമനടപടികള്‍ ആരംഭിച്ച് മാതാപിതാക്കള്‍. കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് ശേഷമാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കെതിരെയാണ് മാതാപിതാക്കള്‍ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത്.ബ്രിട്ടീഷ് ഫാര്‍മ കമ്പനിയായ ആസ്ട്രസെനെക്കയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിച്ചത്. വേണുഗോപാലന്‍ ഗോവിന്ദന്റെ മകള്‍ കാരുണ്യയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തതിന് ശേഷം 2021 ജൂലൈയില്‍ മരിച്ചത്. എന്നാല്‍ വാക്‌സിന്‍ മൂലമാണ് കാരുണ്യയുടെ മരണം സംഭവിച്ചതെന്നതിന് മതിയായ തെളിവുകളില്ലെന്ന് സര്‍ക്കാര്‍ രൂപീകരിച്ച ദേശീയ കമ്മിറ്റി പറഞ്ഞു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗോവിന്ദന്‍ ഹര്‍ജി നല്‍കിയത്. ആസ്ട്രസെനെക്കയുടെ വെളിപ്പെടുത്തലിന് പിന്നാലെ കൊവിഷീല്‍ഡിന്റെ പ്രത്യാഘാതങ്ങള്‍ക്കെതിരെ വേറെയും കുടുംബങ്ങള്‍ രംഗത്തുവരുന്നുണ്ട്.