മകന്റെ ജീവന് വിലയിടാനില്ല.. അതിനല്ല ഗൾഫിൽ കിടന്ന് ഇത്രയും കഷ്ടപ്പെട്ട് പഠിപ്പിച്ചത്…
തിരുവനന്തപുരം: മകന്‍റെ ജീവന് വിലയിടാനില്ലെന്ന് വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്‍റെ അച്ഛൻ അജികുമാർ. മകന് സംഭവിച്ചത് പോലെ ഒരു അപകടം ഒരാൾക്കും ഉണ്ടാകരുത്. അമിതമായി ലോഡ് കയറ്റിയാണ് ലോറികള്‍ പോകുന്നത്. പല തവണ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ ലോറികള്‍ പോകുമ്പോഴുള്ള ശബ്ദം കേട്ടാൽ പേടിയാകും. ഒരു നിയന്ത്രണവുമില്ല. ടിപ്പറിൽ നിന്ന് വീണ കല്ല് സ്കൂട്ടറിന്‍റെ മുമ്പിലടിച്ച് നെഞ്ചിലാണ് പതിച്ചത്. വാരിയൊല്ലൊക്കെ പൊട്ടിപ്പോയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ അവന് ഹൃദയാഘാതവുണ്ടായി. ലോറികളെ നിയന്ത്രിക്കുമെന്ന് കലക്ടറും സർക്കാരും തന്ന വാക്ക് പാലിക്കണമെന്ന് അജികുമാർ ആവശ്യപ്പെട്ടു. മകന്‍റെ ജീവന് വിലയിടാനില്ലെന്നും അതിനല്ല ഗള്‍ഫിൽ ഇത്രയും കഷ്ടപ്പെട്ട് ഹോട്ടല്‍ ജോലിയൊക്കെ ചെയ്ത് അവനെ പഠിപ്പിച്ചതെന്നും അജികുമാർ പറഞ്ഞു.