മകനെതിരെ കള്ളക്കേസെടുത്തെന്ന പരാതിയുമായി അമ്മ… കട്ടപ്പന എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം…
വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്ന് കുറ്റം ചുമത്തി യുവാക്കൾക്കെതിരെ കള്ളക്കേസ് എടുത്തുവെന്ന പരാതിയിൽ കട്ടപ്പന എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം. കട്ടപ്പന പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ എൻ.ജെ സുനേഖ്, സിപിഒ മനു പി ജോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി ഇടുക്കി എസ്.പി എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. കേസിൽ അറസ്റ്റിലായി കാക്കനാട് ബോസ്റ്റൽ സ്കൂളിൽ കഴിയുന്ന പുളിയന്മല സ്വദേശി മടുകോലിപ്പറമ്പിൽ ആസിഫ് (18)ന്റെ മാതാവ് ഷാമില സാജൻ മുഖ്യമന്ത്രിക്ക് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവായത്.
ഏപ്രിൽ 25 ന് രാത്രിയിലാണ് കള്ളകേസ് ആരോപണത്തിന് കാരണമായ സംഭവം നടന്നത്. വാഹനപരിശോധനയ്ക്കിടെ ബൈക്കുകളിൽ എത്തിയ ആസിഫും ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കളും ചേർന്ന് സിപിഒ മനു ജോണിനെ ഇടിച്ചു തെറിപ്പിച്ച് അപായപ്പെടുത്തുവാൻ ശ്രമിച്ചു എന്നാണ് കേസ്. എന്നാൽ ഈ കേസ് വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കട്ടപ്പന എസ്ഐ കെട്ടിച്ചമച്ചതെന്ന് ആരോപിച്ചാണ് ആസിഫിന്റെ മാതാവ് പരാതിയുമായി രംഗത്ത് വന്നത്. കള്ളകേസ് എടുത്ത് അറസ്റ്റ് ചെയ്ത ആസിഫിനെ സ്റ്റേഷനിൽ എത്തിച്ച് അതിക്രൂരമായി മർദ്ദിച്ചുവെന്ന് വ്യക്തമാകുന്ന ഒപ്പമുണ്ടായിരുന്ന പതിനേഴുകാരന്റെ ഫോൺ സംഭാഷണവും ഇതിനിടെ പുറത്ത് വന്നിരുന്നു