ഭർത്താവ് ആത്മഹത്യ ചെയ്തു…മണിക്കൂറുകൾക്കുള്ളിൽ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി….

കൊല്ലം: ഭർത്താവ് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്. വിദേശത്ത് നിന്നെത്തിയ കൊല്ലം ചടയമംഗലം ആയൂര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. യുവാവിന്റെ ആത്മഹത്യയിലും ഭാര്യയുടെ ഒളിച്ചോട്ടത്തിലും ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരാഴ്ച്ച മുന്‍പാണ് യുവാവ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ വിദേശത്ത് നിന്നെത്തിയത്. നാട്ടിലെത്തിയ യുവാവ് ഇക്കാര്യം ചോദിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പെണ്‍കുട്ടി കാമുകനൊപ്പം ജീവിക്കണമെന്ന നിലപാടില്‍ ഉറച്ച് നിന്നു.

ഇതേ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷമാണ് യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തിരുവല്ല സ്വദേശിയായ യുവാവുമായാണ് പെണ്‍കുട്ടി പ്രണയത്തിലായിരുന്നത്. ഇരുവരും അമ്പലമുക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു. യുവാവിന്റെ ആത്മഹത്യയ്ക്ക് മണിക്കുറുകള്‍ക്ക് ശേഷം യുവതി കാമുകനൊപ്പം കടന്നുകളഞ്ഞതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ചടയമംഗലം പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നു.

Related Articles

Back to top button