ഭീമന്‍ സൗരകൊടുങ്കാറ്റ് വരുന്നു…

സൂര്യനില്‍ നിന്നു പുറത്തേക്ക് ഭീമന്‍ സൗരകൊടുങ്കാറ്റ് വരുന്നു. സൂര്യന്റെ ഉപരിതലത്തില്‍ ഭൂമിയേക്കാള്‍ 20 മടങ്ങ് വലിപ്പമുള്ള ദ്വാരം അതായത് ത്രികോണാകൃതിയിലുള്ള ഇരുണ്ട വിടവ് കണ്ടെത്തിയതിനു പിന്നാലെയാണ് ഈ വിടവിനെ തുടര്‍ന്ന് മണിക്കൂറില്‍ 30 ലക്ഷം കിലോമീറ്റര്‍ വേഗമുള്ള സൗരക്കാറ്റ് പുറപ്പെട്ടു എന്ന് ഗവേഷകര്‍ കണ്ടെത്തിയത്. വിനാശകാരിയായ സൗരക്കാറ്റ് ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി നാശംവിതയക്കുമെന്നാണ് റിപോര്‍ട്ടുകള്‍. സൗരക്കാറ്റ് ഭൂമിയെ കടന്നുപോകും. ഇതിനു പവര്‍ ഗ്രിഡുകളെ തകര്‍ക്കാനും ജി.പി.എസ്. സിഗ്നലുകളെ തടസപ്പെടുത്താനും കഴിയുമെന്നു നാസ അറിയിച്ചു. കൊറോണല്‍ ഹോള്‍സ് എന്നറിയപ്പെടുന്ന പ്രതിഭാസം സൂര്യനില്‍ അപൂര്‍വമല്ല. സോഫ്റ്റ് എക്സ് – റേ ഇമേജുകളുടെ സഹായത്തോടെയാണ് ഇവ തിരിച്ചറിയുന്നത്. കൊറോണല്‍ ഹോള്‍സില്‍ നിന്നാണു സൗരക്കാറ്റ് പ്രവഹിക്കുന്നത്.

ഇവ ഭൂമിക്കു സമീപത്തുകൂടി കടന്നുപോകുമ്പോള്‍ ആകാശത്ത് അറോറകള്‍ എന്നറിയപ്പെടുന്ന മനോഹരമായ പ്രകാശത്തിനു കാരണമാകുമെങ്കിലും ഉപഗ്രഹങ്ങള്‍, പവര്‍ ഗ്രിഡുകള്‍, ജി.പി.എസ്. നാവിഗേഷന്‍ സംവിധാനങ്ങള്‍ എന്നിവയ്ക്കു തിരിച്ചടിയാകും. കൊറോണല്‍ ഹോള്‍സ് എന്നറിയപ്പെടുന്നെങ്കിലും അവ ഭൂമിയിലെപോലെ ഗര്‍ത്തങ്ങളല്ല. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തെ പാളിയിലാണ് അവ ഉണ്ടാകുന്നത്. മറ്റു മേഖലകളെ അപേക്ഷിച്ചു സാന്ദ്രതയും ഊഷ്മാവും കുറവാണ് ഇവിടെ. ഈ മേഖലയിലെ തുറന്ന, കാന്തികക്ഷേത്ര ഘടന സൗരക്കാറ്റിനെ ബഹിരാകാശത്തേക്ക് കൂടുതല്‍ എളുപ്പത്തില്‍ രക്ഷപ്പെടാന്‍ അനുവദിക്കും. 1970 ലാണു കൊറോണല്‍ ഹോള്‍സ് കണ്ടെത്തിയത്. ഇതിന്റെ കാരണം കണ്ടെത്താനായിട്ടില്ല.

സൗരചക്രത്തിന്റെ ഏത് സമയത്തും കൊറോണല്‍ ഹോള്‍സ് പ്രത്യക്ഷപ്പെടാം. 11 വര്‍ഷമാണു സൗരചക്ര കാലാവധി. 2019 ല്‍ ആരംഭിച്ച നിലവിലെ സൗരചക്രം 2030 വരെ തുടരും. സൗരക്കാറ്റ് സൂര്യനില്‍നിന്ന് പ്രത്യേകിച്ച് കൊറോണല്‍ ഹോള്‍സിലൂടെയാണു ശക്തമായി പുറത്തേക്ക് ഒഴുകുന്നത്. ഇവയെ വാതക രൂപമെന്നു വിശേഷിപ്പിക്കാം. പ്രോട്ടോണുകളും ഇലക്ട്രോണുകളുമാണു സൗരക്കാറ്റില്‍ കൂടുതലായി അടങ്ങിയിട്ടുള്ളത്. തുടക്കത്തില്‍ ഇവയുടെ വേഗം മണിക്കൂറില്‍ 14.48 ലക്ഷം കിലോമീറ്ററാണ്. കൊറോണല്‍ ഹോള്‍സിന്റെ മധ്യത്തില്‍നിന്നു പുറപ്പെടുന്ന സൗരക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 30 ലക്ഷം കിലോമീറ്റര്‍ വരെയാണ്.

ഇവയില്‍നിന്നു ജീവജാലങ്ങളെ രക്ഷിക്കുന്നത് ഭൂമിയുടെ കാന്തിക മണ്ഡലമാണ്. സൗരക്കാറ്റ് മൂലമുണ്ടാകുന്ന ഭൂമിയുടെ കാന്തികമണ്ഡലത്തിന്റെ താല്‍ക്കാലിക അസ്വസ്ഥതയാകും പ്രശ്നമാകുക. ബഹിരാകാശത്തുള്ള മനുഷ്യനിര്‍മിത ഉപഗ്രഹങ്ങള്‍ക്കും ബഹിരാകാശ യാത്രികര്‍ക്കും സൗരക്കാറ്റ് ഭീഷണിയാകും.

ഭൂമിയെ വലിയ തോതില്‍ ബാധിക്കുന്ന സൗരക്കാറ്റ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ദുരന്തത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ക്കായി 15 മിനിറ്റായിരിക്കും മനുഷ്യര്‍ക്ക് ലഭിക്കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു. സൂര്യനിലെ കൊറോണല്‍ മാസ് ഇജക്ഷന്‍ (സിഎംഇ) പ്രതിഭാസം മൂലമാണ് സൗരക്കാറ്റ് സംഭവിക്കുന്നത്. സൂര്യനിലാണെങ്കിലും ഭൂമിയില്‍ വലിയ തോതില്‍ നാശനഷ്ടങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ളവയാണിവ.

Related Articles

Back to top button