ഭാര്യയെ പേടിപ്പിക്കാൻ യുവാവ് ….

ഭാര്യയെ ഭയപ്പെടുത്താൻ വേണ്ടി യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ക്രൂരമായി മ‍ർദ്ദിച്ചു. മർദ്ദന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ച് ഭാര്യയ്ക്ക് അയച്ച് കൊടുക്കുകയായിരുന്നു. അതിക്രൂര മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതി ഒളിവിൽ പോയി. കൗമാരക്കാരനായ ഉത്തർപ്രദേശ് സ്വദേശിയാണ് ഈ വിധം ക്രൂര മ‍ർദ്ദനത്തിന് ഇരയായത്. ആയുധങ്ങൾ കൊണ്ട് മർദ്ദിച്ച് അരിശം തീരാതെ നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.

ഡിണ്ടിഗലിൽ പഴനി റൂട്ടിൽ റസ്റ്റോറന്‍റിൽ ജോലി ചെയ്യുന്ന ആനന്ദ് എന്നയാളാണ് ഈ ക്രൂരത ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ വിവാഹമോചനക്കേസ് നടക്കുകയാണ്. കൊവിഡ് കാലത്ത് മദ്യപിച്ച് ലക്കുകെട്ട് വന്ന ആനന്ദ് മകളെ ഉപദ്രവിക്കുക പതിവായിരുന്നു. വസ്ത്രങ്ങൾക്കൊപ്പം കുഞ്ഞിനെയും ചേർത്ത് സോപ്പ് വെള്ളത്തിലിട്ട സംഭവവും ഉണ്ടായി. ഇതേ തുടർന്ന് ഇരുവർക്കുമിടയിൽ വലിയ തർക്കമുണ്ടാവുകയും ഭാര്യയുടെ വീട്ടുകാർ പൊലീസ് കേസ് നൽകുകയും ചെയ്തു.ഈ കേസിൽ വാറന്‍റ് നിലനിൽക്കുന്നുണ്ട്. ഈ കേസ് പിൻവലിപ്പിക്കാനുള്ള ഭീഷണിയുടെ ഭാഗമായായിരുന്നു ഇപ്പോഴത്തെ മർദ്ദനം.

ഇതരസംസ്ഥാന തൊഴിലാളിയെ മ‍ർദ്ദിക്കുന്ന ദൃശ്യങ്ങൾ കാട്ടി ഭാര്യയ്ക്കെതിരെ വധഭീഷണി മുഴക്കുകയായിരുന്നു. മർദ്ദന ശേഷം ഭയന്ന് നാട് വിട്ട ഉത്തർപ്രദേശുകാരനെ കാരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ഇയാളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പ്രതിയായ ആനന്ദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Related Articles

Back to top button