ഭാരത് ജോഡോ യാത്രയ്ക്കിടെ ‘മോദി, മോദി’ വിളിച്ച് ജനക്കൂട്ടം…രാഹുൽ ഗാന്ധി….
കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലൂടെ, കടന്നുപോകുമ്പോൾ ‘മോദി, മോദി’ മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടം. മോദി സ്തുതികൾ മുഴക്കുന്ന ജനത്തിന് നേരെ രാഹുൽ ഗാന്ധി ഫ്ലൈയിംഗ് കിസ് നൽകുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
ഞായറാഴ്ച അഗർ മാൾവ ജില്ലയിലൂടെ യാത്ര കടന്നു പോയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചുകൊണ്ട് ആളുകൾ ആരവം മുഴക്കിയത്. തുടർന്ന്, രാഹുൽ ഗാന്ധി ജനക്കൂട്ടത്തിന് നേരെ കൈവീശി കാണിച്ചു. മോദി സ്തുതിയിൽ പ്രകോപിതരായ സഹപ്രവർത്തകരായ ഭാരത് യാത്രികരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധി മുദ്രാവാക്യം വിളിച്ചവർക്ക് ഫ്ലൈയിംഗ് കിസ് നൽകുകയായിരുന്നു.
രാജസ്ഥാനിൽ തിങ്കളാഴ്ച രാവിലെയാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ജലവാറിലെ ഝൽരാപട്ടനിലെ കാളി തലായിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും രാഹുൽ ഗാന്ധിയെ അനുഗമിച്ചു.