ഭഗവൽ സിങ്ങിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത
ഭഗവൽ സിങ്ങിന് 7.45 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്. ഇലന്തൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നാണ് വായ്പ എടുത്തത്. വായ്പ തിരിച്ചടവ് നീണ്ട നാൾ മുടങ്ങിക്കിടക്കുകയായിരുന്നു. മകൾക്ക് ജോലി ലഭിച്ചശേഷം കുറച്ചു തുക തിരികെ അടച്ചുവെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
ഇലന്തൂരിലെ സഹകരണ ബാങ്കിൽ നിന്നാണ് വീടും സ്ഥലവും പണയം വച്ച് പണം വായ്പയെടുത്തത്. ഈ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിന് വേണ്ടി സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള സർവൈശ്വര്യ പൂജ നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ട്. ബാങ്കിന് പുറമെ മറ്റ് ചില്ലറ വായ്പകളും ഭഗവൽ സിംഗ് എടുത്തിരുന്നു. മൊത്തം പത്ത് ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടെന്ന് പുറത്ത് വരുന്ന സൂചനകൾ.
ഇന്നലെയാണ് കേരളത്തെ നടുക്കിയ നരബലിയുടെ വാർത്തകൾ പുറത്ത് വരുന്നത്. കടവന്ത്രയിലെ ലോട്ടറി വിൽപനക്കാരിയായ പദ്മത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നരബലിയുടെ ചുരുളഴിച്ചത്. പദ്മത്തേയും തൃശൂർ സ്വദേശിനിയായ റോസ്ലിനെയും അതിക്രൂരമായാണ് ഭഗവൽ സിംഗും, ഭാര്യ ലൈലയും ഏജന്റ് ഷാഫിയുമുൾപ്പെട്ട മൂവർ സംഘം കൊലപ്പെടുത്തിയത്.