ഭക്ഷണത്തില്‍ ലഹരി നല്‍കി ബോധം കെടുത്തി, കാമുകനും യുവതിയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി
കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചുമൂടി യുവതി.പ്രതിയുടെ മകന്‍ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പ്രതികളായ സുനിയും റിസ് വാനും പിടിയിലാവുകയായിരുന്നു.നാല്‍പ്പതുകാരിയായ ഭാര്യയാണ് സുഹൃത്തിന്റെ സഹായത്തോടെ ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ലഹരിവസ്തുക്കള്‍ ചേര്‍ത്ത് നല്‍കി ഭര്‍ത്താവിനെ ബോധം കെടുത്തുകയായിരുന്നു. പിന്നാലെ ഇരുവരും ചേര്‍ന്ന് കൈകള്‍, കാലുകള്‍, തല, ശരീരഭാഗങ്ങള്‍ വെട്ടിമാറ്റി. മൃതദേഹം പലകഷണങ്ങളാക്കി ഇരുവരും വിവിധയിടങ്ങളില്‍ കുഴിച്ചിട്ടു. ചാക്കില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തി. എന്നാല്‍ കൈയും കാലും ഉണ്ടായിരുന്നില്ല. ഇതിനായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഉമ്രിഖേഡിലാണ് സംഭവം. മദ്യപിച്ചെത്തി ഭര്‍ത്താവ് നിരന്തരം വഴക്കിടാറുണ്ടെന്നും മര്‍ദിക്കാറുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ സുഹൃത്തുമായി ആസൂത്രണം ചെയ്തത്. പ്രതികള്‍ മൊഴിമാറ്റി പറയുന്നുണ്ട്. ഇത് അന്വേഷണത്തിന് തടസമാകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.