ബർമൂഡ കള്ളന്‍റെ ടൂൾ കിറ്റ് കണ്ടാൽ ആരും ഞെട്ടും…. പൊലീസിന്റെ കണ്ണ് തള്ളി…..
എറണാകുളം പെരുമ്പാവൂരിൽ പിടിയിലായ കള്ളന്‍റെ ടൂൾ കിറ്റ് കണ്ടാൽ ആരും ഞെട്ടും. ബർമൂഡ കള്ളൻ എന്ന് കുപ്രസിദ്ധി നേടിയ കൊച്ചിയിലെ കള്ളനിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. ബർമുഡ ധരിച്ച് മാത്രം മോഷമം നടത്തുന്നതിനാൽ ബർമുഡ കള്ളൻ എന്നായിരുന്നു ജോസ് മാത്യുവിന്‍റെ വിളിപ്പേര്. മോഷണത്തിന്‍റെ പല സി സി ടി വി ദൃശ്യങ്ങളിലും ബർമുഡ കള്ളനെ കണ്ടിരുന്നെങ്കിലും ആളെ പിടികൂടാനാകാത്തതിനാൽ വലയുകയായിരുന്നു പൊലീസ്. ഇതിനിടെയാണ് വട്ടക്കാട്ടുപടിയിലെ വീട്ടിൽ നിന്നും 16 പവൻ സ്വർണവും പണവും കവർന്ന കേസ് എത്തിയത്.കേസിൽ അന്വേഷണം പുരോഗമിക്കവെ മോഷണം നടത്തിയത് ബർമൂഡ കള്ളനാണെന്ന് വ്യക്തമായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. അക്ഷരാർത്ഥത്തിൽ ബർമൂഡ കള്ളന്‍റെ ടൂൾ കിറ്റ് കണ്ട് പൊലീസ് ഞെട്ടിപ്പോയി. വിവിധ തരത്തിലുള്ള അമ്പതോളം ആയുധങ്ങളായിരുന്നു ഈ ബർമൂഡ കള്ളന്‍റെ ടൂൾ കിറ്റിൽ. സ്വർണ്ണം ഊതി കാച്ചാൻ ഉള്ള ഇലക്ട്രിക് ബ്ലോവർ മുതൽ വാതിൽ തുരക്കാനുള്ള ഡ്രില്ലും അത് പ്രവർത്തിപ്പിക്കാനുള്ള ബാറ്ററിയും വരെയുണ്ട്. ഡ്രിൽ ചെയ്യാൻ വിവിധ വലിപ്പത്തിലുള്ള ബിറ്റുകൾ, ചെറുതും വലുതുമായ ബ്ലേഡുകൾ, മിനി ടോർച്ച്, വോൾട്ട് മീറ്റർ, നിരവധി ബാറ്ററികൾ തുടങ്ങിയവ ബർമൂഡ കള്ളന്‍റെ ചുരുക്കം ചില ടൂളുകൾ മാത്രം. മോഷ്ടിക്കുന്ന സ്വർണം സ്വയം ഉരുക്കാനും രൂപം മാറ്റാനും ഇയാൾക്കറിയാമെന്നും പൊലീസ് പറയുന്നു. കൂൺ കൃഷിയും മത്സ്യകൃഷിയും നടത്തി കർഷകനായിട്ടായിരുന്നു ഇയാൾ നാട്ടിൽ വിലസിയിരുന്നത്. സമ്പന്നരുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു കവർച്ച.അമ്പതോളം മോഷണക്കേസുകളിൽ പ്രതിയാണ് ജോസ് മാത്യുവെന്നും പൊലീസ് വ്യക്തമാക്കി. ബർമുഡയിട്ട് കിലോമീറ്ററോളം നടന്നാണ് മോഷണം നടത്തിയിരുന്നത്. ബർമുഡ കള്ളൻ പിടിയിലായതോടെ ഒറ്റയടിക്ക് തെളിഞ്ഞത് ഇരുപതോളം മോഷണകേസുകളാണ്.