‘ബ്രോ ഡാഡി സെറ്റിലെ പീഡന വിവരം അറിഞ്ഞയുടൻ അസിസ്റ്റന്റ് ഡയറക്ടറെ പുറത്താക്കി….പൊലീസിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചു…പൃഥ്വിരാജ്…
‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരെയുള്ള പീഡന പരാതിയിൽ പ്രതികരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. വിവരമറിഞ്ഞയുടൻ തന്നെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂറിനെ പുറത്താക്കിയെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിനു മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു.
‘മൻസൂറിനെതിരെ കേസെടുത്തെന്ന് ചീഫ് അസോസിയേറ്റ് ഡയറക്ടർ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ എമ്പുരാൻ ഷൂട്ടിംഗിന്റെ തുടക്കത്തിലായിരുന്നു ഇത്. അതുവരെ ഒന്നും അറിഞ്ഞില്ല. അറിഞ്ഞയുടൻ തന്നെ അയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തുകയും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു’, പൃഥ്വിരാജ് പറഞ്ഞു.
ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് വേളയിൽ സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടറായ മൻസൂർ റഷീദ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ജൂനിയർ ആർട്ടിസ്റ്റായ യുവതി രംഗത്തെത്തിയിരുന്നു. പീഡന വിവരത്തെക്കുറിച്ച് ആദ്യം പരാതിപ്പെട്ടത് ഫെഫ്കയിലായിരുന്നെന്നും എന്നാൽ ഫെഫ്ക നടപടിയൊന്നും സ്വികരിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞു.