ബൈക്കിൽ കയറാനൊരുങ്ങവേ ഹാൻഡിലിൽ അതാ നിൽക്കുന്നു…
ബൈക്കിൽ കയറാനൊരുങ്ങവേ ഹാൻഡിലിൽ അതാ നിൽക്കുന്നു…
നിർത്തിയിട്ട ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പത്തി വിടർത്തി നിന്ന മൂർഖൻ പാമ്പിനെ കണ്ട് ഞെട്ടി യാത്രികൻ. ബൈക്കിന്റെ ഹാൻഡിലിൽ നിലയുറപ്പിച്ച മൂർഖന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. റെയിൽവേ ക്രോസിങ്ങിനരികെ പാർക്ക് ചെയ്ത ബൈക്കിലാണ് പാമ്പ് കയറിപ്പറ്റിയത്.
ഹെഡ്‌ലൈറ്റിന് മുകളിലായി ഹാൻഡിലിനോട് ചേർന്ന് നിലയുറപ്പിച്ച മൂർഖൻ പൊടുന്നനെയാണ് ബൈക്ക് യാത്രികന്റെ ദൃഷ്ടിയിൽപെട്ടത്. പെട്ടെന്ന് അയാൾ ഇറങ്ങി ഓടുകയായിരുന്നു. യു.പിയിലെ അമേഠിയിൽ പർസദേപുർ റെയിൽവേ ക്രോസിങ്ങിനരികെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. റെയിൽവേ ക്രോസിങ്ങിനരികെ നിർത്തിയിട്ട ബൈക്കിൽ സമീപത്തെ കാട്ടിൽനിന്നാണ് പാമ്പ് കയറിപ്പറ്റിയത്. ബൈക്കിൽനിന്നിറങ്ങിയ യാത്രികൻ പിന്നീട് പാമ്പിനെ മൊബൈൽ കാമറയിൽ പകർത്താനുള്ള ശ്രമമായി. സമീപത്തെ ആളുകളും തടിച്ചുകൂടി. എന്നിട്ടും പാമ്പ് ബൈക്കിനു മുകളിൽനിന്ന് പെട്ടെന്നൊന്നും പിന്തിരിയാൻ കൂട്ടാക്കിയില്ല. ആളുകളുടെ ബഹളത്തിനും വെളിച്ചത്തിനുമിടയിൽ പത്തി വിരിച്ച് കുറേനേരം ബൈക്കിൽതന്നെ നിലയുറപ്പിച്ചു. പിന്നീട് കുറേനേരത്തിനുശേഷം ബൈക്കിൽനിന്ന് താഴെയിറങ്ങിയ പാമ്പിനെ ആളുകൾ സമീപത്തെ കാട്ടിലേക്കുതന്നെ ഓടിച്ചുവിടുകയായിരുന്നു.