ബുക്ക് ചെയ്ത സദ്യ തിരുവോണ ദിവസം നൽകിയില്ല.. വീട്ടമ്മയ്ക്ക് നഷ്ടപരിഹാരമായി…
എറണാകുളം: ഹോട്ടലിന്‍റെ വീഴ്ചയില്‍ 2021ലെ തിരുവോണ സദ്യ അലങ്കോലമായതിന് വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം. അഞ്ച് പേര്‍ക്കുള്ള സ്പെഷ്യല്‍ സദ്യ ഓര്‍ഡര്‍ ചെയ്ത് പണവും നല്‍കി കാത്തിരുന്ന് ലഭിക്കാതെ വന്ന വീട്ടമ്മയ്ക്ക് അനുകൂല തീരുമാനവുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. വൈറ്റില സ്വദേശിനിയായ വീട്ടമ്മ ബിന്ധ്യയ്ക്ക് നഷ്ടപരിഹാരമായി 40000 രൂപ നല്‍കാനാണ് കൊച്ചിയിലെ പ്രമുഖ ഹോട്ടലിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എറണാകുളത്തെ മെയ്സ് റസ്റ്റോറന്‍റിനെതിരെയാണ് വീട്ടമ്മ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. 2021ലെ തിരുവോണ നാളിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഉച്ചയ്ക്ക് ഊണും കറികളും പായസവും അടക്കം വീട്ടിലെത്തിക്കുമെന്നായിരുന്നു പണം നല്‍കുമ്പോഴത്തെ ഹോട്ടലിന്‍റെ വാഗ്ദാനം. എന്നാല്‍ മൂന്ന് മണിയായിട്ടും സദ്യ ലഭിച്ചില്ല. ഹോട്ടലധികൃതരെ നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും പ്രതികരിക്കാതെ കൂടി വന്നതോടെയാണ് വീട്ടമ്മ നീതി തേടി കോടതിയിലെത്തിയത്. പരാതിക്കാരി സദ്യയ്ക്കായി നല്‍കിയ 1295 രൂപയും നഷ്ടപരിഹാരവും കോടതി ചെലവും 9 ശതമാനം പലിശ സഹിതം ഹോട്ടല്‍ നല്‍കണം. ഒരു മാസത്തിനുള്ളില്‍ പരാതിക്കാരിക്ക് പണം നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവോണ സദ്യ ഓരോ മലയാളിക്കും ഏറെ വൈകാരിക അടുപ്പമുള്ളതാണെന്നുള്ള നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. കൃത്യ സമയത്ത് സദ്യ എത്തിക്കുന്നതില്‍ വീഴ്ച വന്നേക്കുമെന്ന വിവരം പരാതിക്കാരിയെ സമയത്ത് അറിയിക്കാന്‍ പോലും ഹോട്ടല്‍ ജീവനക്കാര്‍ തയ്യാറാകാത്തത് നിരുത്തരവാദപരമായ കാര്യമാണെന്നും കോടതി വ്യക്തമാക്കി. കേസിന്‍റെ ഒരു ഘട്ടത്തിലും സഹകരിക്കാതിരുന്ന ഹോട്ടല്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയുടേതാണ് നടപടി.