ബീഫ് ഫ്രൈ നൽകാത്തതിന് യുവാവിന് മർദ്ദനം… പ്രതികൾ പിടിയിൽ
ഹരിപ്പാട്: ബീഫ് ഫ്രൈ നൽകാത്തതിന് യുവാവിന് മർദ്ദനം. ഒളിവിലായിരുന്ന പ്രതികൾ പോലീസ് പിടിയിൽ. കഴിഞ്ഞദിവസം ഹരിപ്പാട് മറുതാ മുക്കിന് സമീപമുള്ള തട്ടുകടയിൽ നിന്നും ബീഫ് ഫ്രൈ പാഴ്സൽ വാങ്ങിപ്പോയ കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്‌ണുവിനാണ് (26) മർദ്ദനമേറ്റത്. പാഴ്സൽ വാങ്ങി ബൈക്കിൽ പോകവേ വിഷ്ണുവിനെ കാറിലെത്തിയ കാർത്തികപ്പള്ളി വിഷ്ണു ഭവനത്തിൽ വിഷ്ണു ( കുളിരു വിഷ്ണു 29 ), പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് എന്നിവർ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനെ എതിർത്തപ്പോഴാണ് പ്രതികൾ വിഷ്ണുവിനെ മർദ്ദിച്ചത്. മർദനമേറ്റ വിഷ്ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഒടുവിൽ കഴിഞ്ഞിരുന്ന കുളിര് വിഷ്ണുവിനെയും, ആദർശിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് എസ് എച്ച് ഒ ശ്യാം കുമാർ, എസ് ഐ ഗിരീഷ്, സി പി ഒ നൗഷാദ്, അനീഷ്, നിഷാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.