ബി.ജെ.പി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്…
ബി.ജെ.പി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിക്ക് സമൻസ്. ജൂൺ ഏഴിന് ഹാജരാകാൻ ബംഗളൂരു കോടതി ഉത്തരവിട്ടു. 2023 മേയിൽ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഉന്നയിച്ച ’40 ശതമാനം കമീഷൻ’ ആരോപണത്തിൽ ബി.ജെ.പി എം.എൽ.എയും കർണാടക ജനറൽ സെക്രട്ടറിയുമായ കേശവ് പ്രസാദ് നൽകിയ പരാതിയിലാണ് കോടതി നടപടി. സംസ്ഥാനത്തെ മുൻ ബി.ജെ.പി സർക്കാർ എല്ലാ സർക്കാർ പദ്ധതി നടത്തിപ്പിനും 40 ശതമാനം കമീഷൻ ഈടാക്കിയെന്ന പരാമർശത്തിനെതിരെയാണ് കേശവ് പ്രസാദ് ഹർജി നൽകിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമെതിരെയും കേശവ് പ്രസാദ് മാനനഷ്ടക്കേസ് നൽകിയിരുന്നു. ഇരു നേതാക്കളും അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് മുമ്പാകെ നേരിട്ട് ഹാജരായി കേസിൽ ജാമ്യം നേടി. 2023ൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ സവർക്കറെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു പരാതി.