ബിഷപ്പ് മൂർ കോളജ് വജ്രജൂബിലി ആഘോഷങ്ങളിലേക്ക്, ഉദ്ഘാടനം 4ന് ജസ്റ്റിസ് സി.ടി.രവികുമാർ നിർവഹിക്കും
മാവേലിക്കര : ബിഷപ്പ് മൂർ കോളജിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷത്തിന് 4ന് തുടക്കം കുറിക്കും. വൈകിട്ട് 3ന് പൂർവവിദ്യാർത്ഥിയും സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് സി.ടി.രവികുമാർ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷനാവും.
സി.എസ്.ഐ മദ്ധ്യകേരള മഹായിടവക 1964ലാണ് മാവേലിക്കര ബിഷപ്പ് മൂർ കോളജ് ആരംഭിക്കുന്നത്. കല്ലുമലയിൽ ഓലമേഞ്ഞ മൂന്നു താൽക്കാലിക ഷെഡ്ഡുകളിൽ 469 വിദ്യാർത്ഥികളും 19 അദ്ധ്യാപകരുമായി തുടങ്ങിയ കോളജ്, 2024ൽ എൻ.ഐ.ആർ.എഫ് റാങ്കിങ് പട്ടിക പ്രകാരം ഇന്ത്യയിലെ മികച്ച കോളജുകളിൽ 62ാം സ്ഥാനം നേടി. സംസ്ഥാനത്ത് ഗ്രാമപ്രദേശത്തു നിന്ന് എൻഐആർഎഫ് പട്ടികയുടെ ആദ്യ നൂറു റാങ്കുകളിൽ ഇടം പിടിച്ച ഏക കോളജും ബിഷപ്പ് മൂറാണ്.
തിരുവിതാംകൂർ-കൊച്ചി ഇടവകയുടെ നാലാമത്തെ ആംഗ്ലിക്കൻ ബിഷപ്പായിരുന്ന എഡ്വേർഡ് ആൽഫ്രഡ് ലിവിംഗ്സ്റ്റൺ മൂറിൻ്റെ സ്‌മരാണർത്ഥമാണ് കോളജ് സ്ഥാപിതമായത്. ബിഷപ്പ് റൈറ്റ് റവ.ഡോ.എം.എം.ജോണായിരുന്നു കോളജിൻ്റെ സ്ഥാപകൻ. റവ.പ്രൊഫ.കെ.സി.മാത്യുവായിരുന്നു സ്ഥാപക പ്രിൻസിപ്പൽ. തുടർന്ന് 25 വർഷം കോളജിനെ മുന്നിൽ നിന്നു നയിക്കുകയും മികച്ച സ്ഥാപനമായി പടുത്തുയർത്തുകയും ചെയ്തതും റവ.കെ.സി.മാത്യുവായിരുന്നു.
2017 മുതൽ രാജ്യത്തെ കോളേജുകളെ അവയുടെ അധ്യാപനം, പഠനം, ഗവേഷണം, തൊഴിൽ സാധ്യതകൾ, തുടർ പഠനം തുടങ്ങി വിവിധ രംഗങ്ങളിലെ മികവിൻ്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന എൻ.ഐ.ആർ.എഫ് റാങ്ക് പട്ടികയിൽ ആറുതവണയും ബിഷപ്പ് മൂർ കോളജ് ഇടംനേടി. ഈ പട്ടികയിൽ ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക കോളജാണ് ബിഷപ്പ് മൂർ. സംസ്ഥാന സർക്കാരിൻ്റെ സാക് അംഗീകാരം നേടിയ കേരളത്തിലെ ആദ്യത്തെ കോളേജാണ്. നാലാമത്തെ നാക് അക്രഡിറ്റേഷനിൽ എ പ്ലസ്സും നേടി. ഇന്ത്യാ ഗവൺമെൻ്റിൻ്റെ എ.ആർ.ഐ.ഐ.എ റാങ്കിംഗ് 2021ൽ പെർഫോമർ ബാൻഡിലും ഇടം നേടി. 2022ലെ രണ്ടാമത്തെ മികച്ച ജൈവവൈവിധ്യ കോളേജ് അവാർഡ്, 2023ലെ ജില്ലാ ഗ്രീൻ ചാമ്പ്യൻസ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കോളേജിന് ലഭിച്ചു.
ഇവിടെ രണ്ട് അംഗീകൃത ഗവേഷണ കേന്ദ്രങ്ങൾ, 11 ബിരുദ കോഴ്സുകൾ, അഞ്ച് ബിരുദാനന്തര ബിരുദ കോഴ്സുകൾ എന്നിവയുണ്ട്. 17 അംഗീകൃത ഗവേഷണ ഗൈഡുകൾ, രാജ്യാന്തര ജേർണലുകളിലെ 401 പ്രസിദ്ധീകരണങ്ങൾ, മൂന്ന് പേറ്റൻ്റുകൾ, മറ്റു കേന്ദ്രങ്ങളുമായി ചേർന്നുള്ള അഞ്ചു ഗവേഷണ പദ്ധതികൾ എന്നിവയും കോളജിൻ്റെ നേട്ടപ്പട്ടികയിലുണ്ട്. ഏറ്റവും പുതിയ ബിരുദ ഫലപ്രഖ്യാപനത്തിൽ കോളേജിലെ വിദ്യാർത്ഥികൾ സർവകലാശാലാ തലത്തിൽ എട്ട് ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിശിഷ്ട പൂർവ്വ വിദ്യാർത്ഥികൾ ഇവരക്കെ
കോളേജിലെ വിശിഷ്ട പൂർവ്വ വിദ്യാർത്ഥികളിൽ സുപ്രീം കോടതി ജസ്റ്റിസ്, ജസ്റ്റിസ് സി.ടി രവികുമാർ, ഐ.എ.എസ് ഓഫീസർമാരായ ഷീല തോമസ്, സിജി തോമസ്, പ്രേമചന്ദ്രക്കുറുപ്പ്, മന്ത്രി സജി ചെറിയാൻ, എം.എൽ.എമാരായ എം.എസ്.അരുൺകുമാർ, പ്രമോദ് നാരായൺ, മുൻ എം.എൽ.എമാരായ എം.മുരളി, ആർ.രാജേഷ്, ബാബു പ്രസാദ് , ആത്മീയ നേതാക്കളായ ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, റൈറ്റ് റവ.ഡോ.ഐസക് മാർ ഫിലിക്സിനോസ്, സ്വാമി അമൃത സ്വരൂപാനന്ദ, മാത്യൂസ് ജോർജ് ചുനക്കര കമ്മിഷൻ ഓഫ് ചർച്ചസ് ഓഫ് ഇൻറർനാഷണൽ അഫയർസ്, യു.എസ് പ്രസിഡൻഷ്യൽ കമ്മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ.ഡോ.അലക്സാണ്ടർ കുര്യൻ, ശാസ്ത്രജ്ഞൻ ഡോ.ഇ.കെ.രാധാകൃഷ്ണൻ, പ്രശ്സ്ത എഴുത്തുകാരായ മധു ഇറവങ്കര, കെ.കെ.സുധാകരൻ, മുൻ വി.സി സി.ഗോപിനാഥപിള്ള എന്നിവരും ഉൾപ്പെടുന്നു.