ബിജെപിക്ക് അടിപതറിയ നാല് സംസ്ഥാനങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ചുമതല…

നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് ബിജെപി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അടിപതറിയ സംസ്ഥാനങ്ങളില്‍ നേരത്തെ ‘പണി’ തുടങ്ങാനാണ് തീരുമാനം. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് ബിജെപി ചുമതല നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ച്ചക്കിപ്പുറമാണ് തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി തീരുമാനിച്ചത്.

മഹാരാഷ്ട്രയില്‍ രണ്ട് കേന്ദ്രമന്ത്രിമാരെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രി ഭൂപേന്ദര്‍ യാദവിനും അശ്വിനി വൈഷ്ണവിനുമാണ് സംസ്ഥാനത്തിന്റെ ചുമതല. ലോക്‌സഭയിലേതിന് സമാനമായി, നിയമസഭയിലേക്കും ഒന്നിച്ച് മത്സരിക്കാനാണ് പ്രതിപക്ഷസഖ്യമായ മഹാവിഘാസ് അഘാഡിയുടെ തീരുമാനം. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ക്കിടയില്‍ വല്ല്യേട്ടന്‍ ഇല്ലെന്നും സാഹചര്യം പരിശോധിച്ച് ഓരോ സീറ്റിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നുമാണ് എംവിഎ സഖ്യം അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ കൂടിയാണ് സഖ്യം. എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ പക്ഷം മറുപക്ഷത്ത് ചേക്കേറിയതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണിത്.

Related Articles

Back to top button