ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് തുടക്കം…

മലയാളത്തിലെ ഏറ്റവും ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 6 ന് തുടക്കം. ഒന്ന് മാറ്റിപ്പിടിച്ചാലോ എന്നതാണ് ഇത്തവണത്തെ ടാഗ്‍ലൈന്‍. കഴിഞ്ഞ അഞ്ച് സീസണുകളിലേതുപോലെതന്നെ മോഹന്‍ലാല്‍ ആണ് ഇത്തവണയും അവതാരകന്‍.കഴിഞ്ഞ സീസണുകളില്‍ നിന്നൊക്കെ പ്രത്യേകതകളുമായാണ് ഈ സീസണ്‍ വരുന്നത് എന്നതിന്‍റെ തെളിവായിരുന്നു കോമണര്‍ മത്സരാര്‍ഥികളുടെ നേരത്തേയുള്ള പ്രഖ്യാപനം. സീസണ്‍ 5 ലാണ് കോമണര്‍ മത്സരാര്‍ഥി ആദ്യമായി എത്തിയത്. കഴിഞ്ഞ തവണ ഒരാള്‍ ആയിരുന്നെങ്കില്‍ ഇക്കുറി രണ്ട് പേരാണ് കോമണര്‍ ടാഗില്‍ എത്തുന്നത്. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്‍, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്. ഒട്ടേറെ പ്രത്യേകതകളുമായി എത്തുന്ന ബിഗ് ബോസ് കോമണര്‍മാരെ ഇക്കുറി വേറിട്ട രീതിയിലാണ് അവതരിപ്പിക്കുന്നത്. ഹൗസിനുള്ളില്‍ത്തന്നെ രഹസ്യമായി ഇരുന്ന് മറ്റ് മത്സരാര്‍ഥികളുടെ വരവ് നിരീക്ഷിക്കാനുള്ള സൗകര്യം അവര്‍ക്കുണ്ടെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. രണ്ട് കോമണര്‍മാരെ കൂടാതെ മറ്റ് 17 മത്സരാര്‍ഥികള്‍ കൂടി ഇത്തവണ എത്തുന്നുണ്ട്. അടുത്ത മൂന്ന് മാസങ്ങള്‍ ബിഗ് ബോസ് പ്രേമികളില്‍ ആവേശമേറ്റുന്ന ദിവസങ്ങള്‍ ആയിരിക്കും.പുത്തന്‍ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഉദ്ഘാടന എപ്പിസോഡില്‍ എത്തിയിരിക്കുന്നത്. ബിഗ് ബോസിലെ അദ്ദേഹത്തിന്‍റെ സ്റ്റൈലിസ്റ്റും മാറിയിട്ടുണ്ട്. ബിഗ് ബി അടക്കമുള്ള നിരവധി ചിത്രങ്ങളുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച പ്രവീണ്‍ വര്‍മ്മയാണ് ഇക്കുറി ബിഗ് ബോസില്‍ മോഹന്‍ലാലിന്‍റെ സ്റ്റൈലിംഗ് നിര്‍വ്വഹിക്കുന്നത്.

Related Articles

Back to top button