ബാല നടി ദേവനന്ദക്കെതിരെ സൈബർ ആക്രമണം… നിയമ നടപടിയുമായി പിതാവ്…
സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാല നടി ദേവനന്ദ. ദേവനന്ദയുടെ അച്ഛനാണ് പൊലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. ദേവനന്ദ നല്‍കിയ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് പരാതി. എറണാകുളം സൈബർ പൊലീസില്‍ ആണ് താരത്തിന്റെ അച്ഛൻ പരാതിപ്പെട്ടിരിക്കുന്നത്.
ദേവനന്ദയുടെ അച്ഛൻ നല്‍കിയ പരാതി
മകള്‍ പ്രധാന വേഷത്തില്‍ എത്തിയ സിനിമയായ ഗുവിന്റെ പ്രമോഷനായി വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത അഭിമുഖത്തിൽ നിന്ന് തങ്ങളുടെ അനുവാദം ഇല്ലാതെ എന്റെ മകളെ സമൂഹ മാധ്യമത്തിൽ മനഃപൂർവം അപമാനിക്കുക എന്ന ലക്ഷ്യത്തോടെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് എന്ന് അവകാശപ്പെടുന്ന കുറച്ച് വ്യക്തികൾ അവരുടെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മുകളിൽ പറഞ്ഞ ചാനലിൽ വന്ന ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം ഡൗൺലോഡ് ചെയ്‍ത് അവരുടെ സ്വന്തം വിഡിയോ കൂടി ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്‍തു. ഇവരുടെ പ്രവർത്തി കൊണ്ട് എന്റെ മകൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകുകയും, സമൂഹമധ്യേ മനഃപൂർവം അപമാനിക്കപ്പെടുകയും ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ഈ പ്രൊഫൈൽ ഡീറ്റെയിൽസ് അടുത്ത പേജിൽ കൊടുത്തിട്ടുള്ളവയാണ്. ഈ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്‌ത വിഡിയോകൾ എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യിക്കാനും ഈ വ്യക്തികളുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കണം എന്നും താഴ്‍മയായി അപേക്ഷിക്കുന്നു.
തൊട്ടപ്പനിലൂടെയാണ് ദേവനന്ദ നടിയായി അരങ്ങേറിയത്. തുടര്‍ന്ന് നെയ്‍മര്‍, 2018 അടക്കമുള്ള സിനിമകളില്‍ ദേവനന്ദ വേഷമിട്ടു. ദേവനന്ദ മാളികപ്പുറം എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്.