‘ബാലലോകം ചേച്ചി’ പടിയിറങ്ങി…
തിരുവനന്തപുരം: ‘നമസ്കാരം കൂട്ടുകാരേ..,’ തൊണ്ണൂറുകളിലെ കുട്ടികൾ ഞായറാഴ്ച രാവിലെ റേഡിയോ ഓൺ ചെയ്ത് ആകാശവാണി ബാലലോകത്തിനായി കാതോർത്തിരിക്കുമ്പോൾ കേട്ടിരുന്ന ‘ബാലലോകം ചേച്ചി’യുടെ മധുരശബ്ദം. ഇന്ന് ആകാശവാണി റിയൽ എഫ്എമ്മിൽ അഞ്ചും ആറുമൊക്കെ വയസ്സുള്ള കുഞ്ഞുങ്ങൾ ആവേശത്തോടെ വിളിച്ച് സംസാരിക്കുന്ന ‘കിലുക്കാംപെട്ടി’യിലെ ചേച്ചി. എല്ലാക്കാലത്തും ആകാശവാണി ശ്രോതാക്കളുടെ പ്രിയപ്പെട്ട ‘ചേച്ചി’യായിരുന്ന ടി.വി.അശ്വതി ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങി.
കുഞ്ഞുങ്ങളോട് വാത്സല്യത്തോടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന ശബ്ദത്തിനുടമ ടി.വി. അശ്വതി ആകാശവാണി കോഴിക്കോട് നിലയത്തിൽ നിന്നാണ് വെള്ളിയാഴ്ച പടിയിറങ്ങിയത്. 34 വർഷത്തെ സേവനത്തിനുശേഷമാണ് അശ്വതിയുടെ വിരമിക്കൽ. 1989-ൽ കോഴിക്കോട് നിലയത്തിൽ ട്രാൻസ്മിഷൻ എക്സിക്യുട്ടീവായാണ് സേവനമാരംഭിച്ചത്.മടിക്കേരി, മഞ്ചേരി, മുംബൈ തുടങ്ങിയ സ്റ്റേഷനുകളിൽ ജോലിചെയ്ത അശ്വതി വനിതാ അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടറായാണ് കോഴിക്കോട് നിലയത്തിലേക്ക് തിരിച്ചെത്തിയത്. സുകുമാർ അഴിക്കോട് മുതൽ പി.കെ ഗോപി വരെയുള്ള സാഹിത്യ രംഗത്തെ മഹാരഥന്മാരുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വിരമിക്കാൻ ഒരു മാസം ബാക്കി നിൽക്കെ ഒരു നാടകവും സംവിധാനംചെയ്തിരുന്നു അശ്വതി.