ബാബരി മസ്ജിദിന് പകരം ‘മൂന്ന് താഴികക്കുടങ്ങളുണ്ടായിരുന്ന കെട്ടിടം’ .. പാഠപുസ്തകങ്ങളിൽ നിന്നും വെട്ടി നീക്കുന്നത് ചരിത്രം.. ലോക്സഭയിൽ വിമർശനം…

ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തകങ്ങളിൽനിന്ന് ബാബരി മസ്ജിദിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കിയതിനെനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ലോക്സഭയിലാണ് ഈ വിഷയം അദ്ദേഹം ഉന്നയിച്ചത്.

ബാബരി മസ്ജിദിനെയും 2002ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്) നീക്കം ചെയ്തു. നമ്മുടെ കുട്ടികൾ ഗുജറാത്ത് വംശഹത്യയെയും മുസ്‌ലിംകളുടെ കൂട്ടക്കൊലയെയും കുറിച്ച് പഠിക്കേണ്ടേ എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഗ്രാന്‍റുകൾക്കായുള്ള ആവശ്യങ്ങൾ ലോക്‌സഭയിൽ ചർച്ച ചെയ്ത അവസരത്തിലാണ് ഉവൈസിയുടെ വിമർശനം. സർക്കാർ പാഠപുസ്തക സാമഗ്രികളിലും അധ്യാപന പരിപാടികളിലും കൃത്രിമം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അയോധ്യയെക്കുറിച്ചുള്ള ഭാഗം നാലിൽ നിന്ന് രണ്ട് പേജാക്കി വെട്ടിമാറ്റുകയും എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളുടെ മുൻ പതിപ്പുകളിലെ വിശദാംശങ്ങൾ നീക്കുകയും ചെയ്തിരുന്നു.

ബാബരി മസ്ജിദിനെക്കുറിച്ച് പറയുന്ന ഭാഗങ്ങൾ വെട്ടി നാലു പേജിൽനിന്ന് രണ്ട് പേജാക്കിയാണ് കുറച്ചത്. 12-ാം ക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ ബാബരി മസ്ജിദ് എന്ന് പറയാതെ ‘മൂന്ന് താഴികക്കുടങ്ങളുണ്ടായിരുന്ന കെട്ടിടം’ എന്നാണ് പറഞ്ഞിരിക്കുന്നത്. സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് ബി.ജെ.പി നടത്തിയ രഥയാത്ര, കർസേവകരുടെ പങ്ക്, ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിന് പിന്നാലെയുണ്ടായ വർഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്, അയോധ്യയിലെ സംഭവങ്ങളിൽ ബി.ജെ.പി നടത്തിയ ഖേദ പ്രകടനം എന്നിവ വെട്ടിമാറ്റിയ പാഠഭാഗങ്ങളിൽ ഉൾപ്പെടുന്നു.

Related Articles

Back to top button