ബാങ്ക് സെക്യൂരിറ്റി ജീവനക്കാരുടെ മരണം..കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യ….

തൃശൂര്‍: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയാകാം നടന്നതെന്ന് പ്രാഥമിക നിഗമനം . വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി എന്നിവരെയായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത് . ആന്റണിയുടെ മൃതദേഹം തലക്ക് അടിയേറ്റ് ചോര വാർന്ന നിലയിലായിരുന്നു. അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിന് പുറകിലെ കാനയിൽ നിന്നുമാണ് കണ്ടെത്തിയത് .

അരവിന്ദക്ഷന്റെ മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടെത്തിയിട്ടുണ്ട് .ഇതാണ് കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന പ്രാഥമിക നി​ഗമനത്തിലേക്ക് പൊലീസ് എത്തിയത് . ഇരുവരും തമ്മിൽ തർക്കമുള്ളതായി അറിവില്ലെന്ന് വെള്ളാനിക്കര സഹകരണ ബാങ്ക് സെക്രട്ടറി സ്മിത പ്രതികരിച്ചു. അരവിന്ദക്ഷൻ മൂന്ന് വർഷമായി ബാങ്കിന്റെ സെക്യൂരിറ്റി ആണ്. ബാങ്കിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ആന്റണിയെ കൂടി സെക്യൂരിറ്റിയായി നിയോഗിച്ചത്. പണികൾ പൂർത്തിയായതിനാൽ ജോലിയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് സംഭവം. ജോലി സ്ഥിരത സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button