ബട്ടര്‍ഫ്‌ളൈ പാഞ്ഞടുത്തു… എം.എല്‍.എയുടെ വാഹനത്തിന് നേരെ…. അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴക്ക്…..
മാവേലിക്കര: എം.എസ്.അരുണ്‍കുമാർ എം.എല്‍.എയുടെ വാഹനത്തിന് നേരെ അപകടകരമായി അമിതവേഗത്തില്‍ ലൈറ്റുകള്‍ ഇട്ട് പാഞ്ഞടുത്ത സ്വകാര്യ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി. മലയാലപ്പുഴ-മണ്ണാറശാല റൂട്ടിലോടുന്ന ബട്ടര്‍ഫ്‌ളൈ എന്ന ബസിനെതിരെയാണ് വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ഇന്ന് രാവിലെ 8.45 ഓടു കൂടി മാങ്കാംകുഴിയിലായിരുന്നു സംഭവം. തലനാരിഴക്കാണ് എം.എല്‍.എയുടെ വാഹനം അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
തന്റെ വാഹനത്തിന് നേരെ അപകടകരമാവിധം റോഡിലൂടെ ബസ് പാഞ്ഞെത്തിയ സംഭവം എം.എല്‍.എ തന്നെയാണ് ജോയിന്റ് ആര്‍.ടി.ഒ ഡാനിയേല്‍ സ്റ്റീഫനെ അറിയിച്ചത്. തുടര്‍ന്ന് ഹരിപ്പാട് വച്ച് ബസ് പിടിച്ചെടുക്കുകയും പരിശോധനയില്‍ വാഹനത്തിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചിരിക്കുകയാണന്ന് കണ്ടെത്തുകയും ചെയ്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചതിന് പെര്‍മിറ്റ് ലംഘനത്തിന് പിഴ ഈടാക്കുകയും ചെയ്തു. തുടര്‍ ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. എം.വി.ഐ ബിജു.ബി, എ.എം.വി.ഐ സജു.പി.ചന്ദ്രന്‍, ഗുരുദാസ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.