ബംഗ്ളാദേശിലെ പോലെ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകും.. വിവാദ പ്രസ്താവനയുമായി സൽമാൻ ഖുർഷിദ്…
ബംഗ്ളാദേശിൽ നടക്കുന്നതിനു സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. പുറമെ സമാധാനപരമാണെങ്കിലും അക്രമാസക്തമാകുന്ന സാഹചര്യം ഇന്ത്യയിലുമുണ്ടാകാമെന്ന ഖുര്‍ഷിദിന്റെ പ്രസ്താവന വിവാദത്തിൽ.
പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യക്കൊപ്പമാണെന്ന് പറയുമ്പോഴും ജനങ്ങളെ പ്രകോപിപ്പിച്ച് ബംഗ്ലാദേശിലുണ്ടാകുന്ന പോലെ സാഹചര്യം ഇന്ത്യയിലും ഉണ്ടാക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് ബിജെപി നേതാവ് ഷെഹസാദ് പൂനെവാല പറഞ്ഞു. വിദേശ സന്ദർശന സമയത്തൊക്കെ ഇന്ത്യക്കെതിരെ പ്രസംഗിക്കുന്ന രാഹുലിന്റെ ഉള്ളിലിരിപ്പ് വ്യക്തമായെന്ന് സംബിത് പാത്ര എംപിയും പറഞ്ഞു.
എന്നാൽ സൽമാൻ ഖുർഷിദിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും, ബംഗ്ലാദേശിലെ വിഷയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമുള്ളതാണെന്നും കോൺഗ്രസ് എംപി മാണിക്കം ടാഗോർ പ്രതികരിച്ചു. വിഷത്തിൽ കോൺഗ്രസ് അധ്യക്ഷൻ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മാണിക്കം ടാഗോർ അഭിപ്രായപ്പെട്ടു.