ബംഗ്ലാദേശ് പ്രക്ഷോഭം: ഇന്റർനെറ്റ് ടെലിഫോൺ സേവനങ്ങൾ തടസ്സപ്പെട്ടു; ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുന്നു…
ന്യൂഡൽഹി: സർക്കാർ മേഖലയിലെ തൊഴിൽ സംവരണത്തിനെതിരേ ബംഗ്ലാദേശിൽ വിദ്യാർഥിപ്രക്ഷോഭം കനത്തതോടെ ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങുന്നു. വടക്കുകിഴക്കൻ അതിർത്തികളിലൂടെ വെള്ളിയാഴ്ച മാത്രം 300-ലധികം പേർ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്.
മടങ്ങിയെത്തിയവരിലേറെയും എം.ബി.ബി.എസ് വിദ്യാർഥികളാണ്. ഭൂരിഭാഗം വിദ്യാർത്ഥികളും ഉത്തർപ്രദേശ്, ഹരിയാണ, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ത്രിപുരയിലേയും അഗർത്തലയിലേയും തുറമുഖങ്ങളാണ് നാട്ടിലേക്കെത്തുത്തുന്നതിനായി വിദ്യാർഥികൾ ആശ്രയിച്ചത്.
മൊബൈൽ ഇന്റർനെറ്റ് നിർത്തലാക്കുകയും ടെലിഫോൺ സേവനങ്ങൾ തടപ്പെട്ടതോടെയുമാണ് വിദ്യാർഥികൾ രാജ്യത്തേക്ക് മടങ്ങാൻ തീരുമാനിച്ചത്.
7000-ത്തോളം ഇന്ത്യൻ പൗരന്മാർ ബംഗ്ലാദേശിലുണ്ട്. കലാപബാധിത മേഖലയിലേക്കു പോകരുതെന്നും പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും ഇന്ത്യ ജാഗ്രതാനിർദേശം നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ചകളിലായി വൻ പ്രക്ഷോഭമാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ അരങ്ങേറുന്നത്. പ്രതിഷേധങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. മരിച്ചവരിലേറെയും വിദ്യാർഥികളാണ്.
സർക്കാർ സർവീസിൽ നിലവിൽ 56 ശതമാനമാണ് ആകെ സംവരണം ഇതിൽ 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻതലമുറക്കാർക്കാണ് 30 ശതമാനം സംവരണം. ഇത് കാരണമാണ് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നാണ് വിദ്യാർഥികൾ പറയുന്നത്. നിലവിൽ 32 കോടി യുവാക്കൾ രാജ്യത്ത് തൊഴിലില്ലായ്മ നേരിടുന്നു.