ബംഗ്ലാദേശിൽ കലാപവുമായി യുവാക്കൾ തെരുവിൽ.. 32 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്…
സര്‍ക്കാര്‍ തൊഴില്‍ മേഖലയിലെ സംവരണത്തിനെതിരേ നടക്കുന്ന കലാപത്തിൽ ഇതുവരെ 32 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്.ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ധാക്ക, ചാട്ടോഗ്രാം, രംഗ്പൂർ, കുമിള എന്നിവയുൾപ്പെടെ ബംഗ്ലാദേശിലുടനീളം ആയിരക്കണക്കിന് വിദ്യാർത്ഥികൾ വടികളും പാറകളും ഉപയോഗിച്ചാണ് സായുധ പൊലീസിനെ നേരിട്ടത്. പ്രക്ഷോഭകാരികൾ രാജ്യത്തെ ഔദ്യോഗിക ടിവി ചാനൽ സ്ഥാപനത്തിന് തീയിട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഔദ്യോഗിക ചാനൽ വഴി പ്രക്ഷോഭകാരികളോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടിവി ചാനലിൻ്റെ ആസ്ഥാനം തന്നെ അഗ്നിക്കിരയാക്കിയത്.
1971 ൽ ബംഗ്ലാദേശിൻ്റെ വിമോചനത്തിന് വഴി തുറന്ന യുദ്ധത്തിൽ പങ്കാളികളായവരുടെ കുടുംബങ്ങളിൽ നിന്നുള്ളവർക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെയാണ് യുവാക്കളും വിദ്യാർഥികളും സംഘടിച്ചത്.സംവരണ നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ബംഗ്ലാദേശിലെമ്പാടും ഉയരുന്നത്.
അതേസമയം പ്രക്ഷോഭം തണുപ്പിക്കാനുള്ള തീവ്ര ശ്രമം കേന്ദ്രം തുടരുന്നുണ്ട്. രാജ്യത്ത് സ്കൂളുകൾക്കും കോളേജുകൾക്കും അനിശ്ചിത കാല അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെമ്പാടും മൊബൈൽ ഇൻ്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. എന്നാൽ തെരുവ് കൂടുതൽ കലാപ കലുഷിതമാവുകയാണ്. പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്നും പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നുണ്ട്.