ബംഗാൾ ട്രെയിൻ അപകടം..മരണം 15 ആയി..അനുശോചിച്ച് പ്രധാനമന്ത്രി….
പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരണം 15 ആയി.അപകടത്തിൽ 50 പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.മരിച്ചവരിൽ മൂന്ന് പേര് റെയിൽവേ ജീവനക്കാരാണ്.ത്രിപുരയിലെ അഗർത്തലയിൽനിന്ന് പശ്ചിമ ബംഗാളിലെ സെൽഡയിലേക്ക് സർവീസ് നടത്തുന്ന 13174 കാഞ്ചൻജംഗ എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഗുഡ്സ് ട്രെയിൻ സിഗ്നൽ മറികടന്ന് പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.രംഗപാണി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് കോച്ചുകൾ പാളംതെറ്റി.
അതേസമയം അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്രെയിൻ അപകടം ഞെട്ടിക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 50,000 രൂപയും അടിയന്തര സഹായം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.